ഗുലാം അലി പാടുമ്പോള്‍…

ഡിസംബര്‍ മുപ്പത്തൊന്ന്, രാത്രി സത്രത്തില്‍
ഗാനശാലയില്‍ ഗുലാംഅലി പാടുന്നു
ഹൃദയാന്തരം ഋതുശൂന്യമാം വര്‍ഷങ്ങള്‍ തന്‍
തബല ധിമി ധിമിക്കുന്നു. ഭൂത തംബുരുവിന്റെ
ശ്രുതിയില്‍ ഗുലാം അലി പാടുമ്പോള്‍ പിന്‍
ഭിത്തിയില്‍ ആര് തൂക്കിയതാണീ കലങ്ങള്‍…?
ഗണിതമല്ലോ താളം, താളമാകുന്ന കാലം.
കാലമോ സംഗീതമായ്, പാടുന്നു ഗുലാംഅലി
(ഗസല്‍1984 – ബാലചന്ദ്രന്‍ ചുള്ളിക്കാട്)
ഗസല്‍ എന്ന പദത്തിലേക്ക് വീണ്ടുമൊരിക്കല്‍കൂടി രാജ്യം ചര്‍ച്ചവിഷയമാക്കപ്പെടുമ്പോള്‍, ഗസല്‍ രൂപം കൊണ്ട സാഹചര്യത്തിനപ്പുറം അതിന്റെ പരിണിതപ്രതിഫലനം ആര്‍ക്കെല്ലാം ഏതെല്ലാം നിലക്ക് ലഭിക്കുന്ന എന്നുള്ളതാണ് ഇവിടെ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യരിലെ സ്ത്രീപുരുഷ പ്രേമത്തിന്റെ ശ്രവ്യതയ്ക്കുതകുംവിധം ആത്മാവിനെ തഴുകി എത്താന്‍ കെല്‍പ്പുള്ള സംഗീത മാസ്മരികതയാണ് ഗസല്‍ എന്ന് പറഞ്ഞാലോ..? ആ നാദവൈകാരികത കടന്നുചെല്ലുന്നിടങ്ങള്‍ക്ക് നിറമുള്ള രാഷ്ട്രീയം തടസമാകുന്നതെങ്ങനെ.? അല്ലെങ്കില്‍ അവരിലെ അസ്വസ്ഥതകള്‍ക്ക് കാരണമായി ഭവിക്കുന്നതെന്താണ്? ഗസല്‍ ആണോ അതോ അതുണ്ടാക്കാന്‍ കഴിയുന്നവുടെ രാജ്യമോജാതിയോ ആണിവിടെ വിഷയത്തിനാധാരം…എന്ന യാഥാര്‍ത്ഥ്യം മാത്രമാണ് ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടത്….

ghulam-ali

ഗുലാംഅലി എന്ന 74കാരന്‍ പാടുന്നു… ഇതെങ്ങനെ രാജ്യത്തിനും, സംസ്‌ക്കാരത്തിനും എതിരാകും..? ഹൈന്ദവതയിലൂന്നിയ സംസ്‌ക്കാരത്തില്‍ സംഗീതത്തിന് പ്രധാന്യമില്ലെന്ന് കല്‍പ്പിക്കാന്‍ അധികാരമുള്ളതാര്.? ഔറംഗസേബിന്റെ കാലത്തെ സംഗീതനിരോധനവും താലിബാന്റെ സംഗീതനിരോധനവും ഹിന്ദുത്വവാദികളുടെ അന്യമത വിരോധത്തെ ആസ്പദമാക്കിയുള്ള സംഗീതനിരോധനവും തമ്മില്‍ ഏറെ വ്യത്യസ്തതയില്ല. ഗുലാംഅലിക്ക് ഇന്ത്യയില്‍ പാടാനാവില്ലെന്ന് ശിവസേന പറയുകയും ദില്ലിയില്‍ നടക്കേണ്ടിയിരുന്ന ഗസല്‍ സംഗീതവിരുന്ന് റദ്ദാക്കപ്പെടുകയും താനിനി ഇന്ത്യയിലേക്കേയില്ലെന്ന് ഈ അമുല്യ കലാകാരന്‍ പ്രഖ്യാപിച്ചതും ഭാരതത്തിലെ കെട്ടകാല സൂചികകള്‍ വീണ്ടും തലപ്പൊക്കി. കാലത്തിനെയും ചരിത്രത്തിനേയും തെറ്റായ വഴികളിലേക്ക് ദിശാബോധം ചെയ്തു തുടങ്ങുന്നു… മഹത്തായ ചരിത്രപശ്ചാത്തലവും സംസ്‌ക്കാര സമ്പന്നതയും ആതിഥ്യവും നിറഞ്ഞ നമ്മുടെ പൈതൃകത്തെ മറ്റുള്ളവരുടെ മുന്നില്‍ ഇകഴ്ത്തി കാണിക്കുവാന്‍ കാവിഭരണകൂടം ശ്രമിക്കുന്നതിന് പിന്നിലുള്ള ആശയങ്ങള്‍ നിസാരമല്ല.

ഗുലാംഅലിയുടെ സംഗീതത്തെ വിലക്കുക എന്നതിലൂടെ ശരീരത്തിനെയും എതിര്‍ക്കുക എന്ന പൂര്‍ണ്ണസത്യം സംഘികള്‍ വെളിപ്പെടുത്തി കഴിഞ്ഞു. പാകിസ്ഥാന്‍ എന്നാല്‍ നശിക്കപ്പെടേണ്ടതെന്നോ, എതിര്‍ക്കപ്പെടേണ്ടതെന്നോ ആണെന്ന പ്രചാരണം മുന്‍നിര്‍ത്തി, വസുധൈവ കുടുംബകം ലോകമേ തറവാട് എന്നിങ്ങനെ ചിന്തിക്കാന്‍ പഠിപ്പിച്ച വിശ്വമാനവികതയെന്നാല്‍ ഏകമാനവികതയെന്ന സംസ്‌ക്കാരപാരമ്പര്യമുള്ള ഭാരതത്തെയാണ് ഈ സംഘികളിലൂടെ വികൃതമാക്കപ്പെടുന്നതെന്നോര്‍ക്കപ്പെടുമ്പോള്‍ 21ാം നൂറ്റാണ്ടിലെ ഭാരത്തിയന്‍ എന്നനിലയില്‍ ഞാന്‍ തല താഴ്ത്തുന്നു. സമാധാനത്തിന്റെ പക്ഷത്തുനില്‍ക്കുന്ന ഏതൊരാള്‍ക്കും സംഗീതത്തോട് അടങ്ങാത്ത വാത്സല്യമോ, ആഗ്രഹമോ കാരണം ഗുലാംഅലി അടക്കമുള്ള സംഗീതജ്ഞര്‍ നമ്മുടെ ആതിഥ്യം തേടിവരുന്നത് തന്നെ ഭാരതത്തിലെ ശ്രവ്യതയ്ക്ക് മറ്റു ലോകരില്‍ നിന്നും വേറിട്ട ഭാവസംസ്‌ക്കാരികതയുണ്ട് എന്നര്‍ത്ഥത്തിലുമാണ്.

നമ്മുടെ ആത്മാഭിമാനത്തെ കൂടി ചോദ്യം ചെയ്യുകയാണിവിടെ കാവിപ്പടകള്‍. ഭരണ അധികാരകേന്ദ്രങ്ങള്‍ ഇതെന്നും കണ്ടതായോ കേട്ടതായോ ഭാവിക്കുന്നില്ല. പകരം അനുചരവൃന്ദങ്ങളെ കുളത്തിലിറക്കി കുളംകലക്കി ശ്വാസം കിട്ടാതെ പിടയുന്ന മീനുകളെ വലയിലാക്കാനും സംഘപരിവാരങ്ങള്‍ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഗസലും സൂഫിയും കവാലിയും ഒക്കെ ഭാരതത്തിന്റെ അതിര് കടന്നെത്തുമ്പോള്‍ ഭാരതം സംസ്‌ക്കാരത്തിന്റെ മാനവികതയുടെ കളിത്തൊട്ടിലായിരുന്നു. ആയിരത്തിലേറെ വര്‍ഷം ചരിത്രപിന്‍ബലമുള്ള സംഗീതവിരുന്നുകളാണ് മേല്‍സൂചിപ്പിച്ചവയെല്ലാം. കവാലിയും സൂഫിയും അറബിപാഴ്‌സി മുതലായ ഭാഷകളില്‍ ഉത്ഭവിച്ചതും, സൂഫിസന്യാസികള്‍ 12.13 നൂറ്റാണ്ടുകളിലായി ഭാരതത്തിലേക്ക് കടന്നെത്തിയതും, അമീര്‍ഖുസ്രുവിനെ പോലുള്ള ഭരണാധികാരികള്‍ അവരെ സ്വീകരിച്ചതും പിന്നീടത് ഇന്ത്യന്‍ സംസ്‌ക്കാരഭാഷയില്‍ അമീര്‍ഖുസ്രുവടക്കമുള്ളവര്‍ ലയിപ്പിച്ചെടുത്ത് നിരവധി സംഭാവനകള്‍ നല്‍കി ഇന്ത്യയുടേതാക്കി മാറ്റിയതും സംഘികള്‍ മറന്നുപോയോ അതോ മറ്റ് ചരിത്രങ്ങള്‍ക്ക് തങ്ങളുടെ നിറം നല്‍കുന്നതുപോലെ അമൂല്യ സംഗീതലോകത്തേയും നിങ്ങള്‍ മാറ്റാന്‍ തുടങ്ങുകയാണോ? വാരണാസിയിലെ സങ്കടമോചന്‍ ക്ഷേത്രത്തില്‍ മതഭാഷയ്ക്കതീതമായി ഗുലാംഅലി പാടിയപ്പോള്‍ സര്‍വ്വമതസ്ഥരും കൈകോര്‍ത്ത് കണ്ണുകള്‍ ഈറനണിഞ്ഞ് ഗാനമാധുര്യം നുകര്‍ന്ന ചരിത്രം അസമത്വത്തിന്റെ നീതി നിഷേധത്തിന്റെ ജാതിഭ്രാന്തിന്റെ അപ്പോസ്തലന്‍മാര്‍ ഭയക്കാതിരുന്നാലോ അതിശയിക്കേണ്ടതുള്ളു… കാരണം സംഗീതവും കലയും മതവരികള്‍ കുറിച്ചിട്ട ഗ്രന്ഥതാളുകളുടേയും മേലെയാണ്….മനുഷ്യഹൃദയത്തെ അതിരുകളില്ലാത്ത ആത്മനിവൃതിയിലേക്ക് കൊണ്ടുപോകുമെന്ന സത്യ സാക്ഷാത്ക്കാരവുമാണ്. ഭാരതത്തിന് ഏറെ വ്യത്യസ്തകള്‍ സമ്മാനിച്ച ദൈവത്തിന്റെ സ്വന്തം നാട് ഗുലാം അലിയെ വരവേല്‍ക്കാന്‍ ഒരുങ്ങിതുടങ്ങി. 2016 പുതുവര്‍ഷം മലയാളികള്‍ നയനശ്രവ്യ ശ്രദ്ധയോടെ കാത്തിരിക്കുന്നത് ആ മഹാനായ കലാകാരന്റെ സ്വരമാധുര്യത്തിനാണ്.

ഗുലാംഅലി കേരളത്തില്‍ പാടുന്നു. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടും. സ്വര്‍ഗപ്രഭയുടെ മിന്നലാട്ടങ്ങള്‍ മലയാളക്കരയ്ക്ക് സമ്മാനിക്കുന്ന സ്വരലയയുടെ ആഭിമുഖ്യത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ ഒരിക്കല്‍ കൂടി കേരളം ലോകസംസ്‌ക്കാരങ്ങള്‍ക്ക് മീതെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തുന്നു. നമുക്ക് കാത്തിരിക്കാം ഗുലാം അലിക്കായ്. അതെ ഗുലാംഅലി പാടുമ്പോള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News