മോഷ്ടിച്ചു വിഴുങ്ങിയ സ്വര്‍ണമാല പുറത്തെടുക്കാന്‍ മോഷ്ടാവിനെ പൊലീസ് തീറ്റിച്ചത് 48 ഏത്തപ്പഴങ്ങള്‍

മുംബൈ: മോഷ്ടിച്ചു വിഴുങ്ങിയ സ്വര്‍ണമാല പുറത്തെടുക്കാന്‍ മോഷ്ടാവിനെ മുംബൈ പൊലീസ് കഴിപ്പിച്ചത് 48 ഏത്തപ്പഴം. മുംബൈയിലെ ഘാട്‌കോപ്പര്‍ പൊലീസാണ് പഴം കഴിപ്പിച്ചു മാല പുറത്തെടുത്തത്. ആദ്യമായി നടത്തിയ മാലപൊട്ടിക്കലിലാണ് മോഷ്ടാവ് ഇത്തരത്തില്‍ കുടുങ്ങിയത്.

മൂന്നു പവന്‍ മാല പൊട്ടിച്ചെടുത്ത് ഓടിയ ഗോപി ആര്‍ ഗവാരെ എന്നയാളെയാണ് പഴം കഴിപ്പിച്ചത്. സ്ത്രീ ഒച്ചവച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നു മോഷ്ടാവിനെ പിടികൂടി. പിടിയിലാകുമെന്നു കണ്ടപ്പോള്‍ മോഷ്ടാവ് മാല വിഴുങ്ങി. 25 വയസുകാരനാണ് മോഷ്ടാവായ ഗോപി.

മോഷ്ടാവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എക്‌സറേയില്‍ മാല ഇയാളുടെ വയറ്റിലുണ്ടെന്നു വ്യക്തമായി. വീണ്ടും എക്‌സ്‌റേ എടുത്തപ്പോള്‍ മാല വയറ്റില്‍തന്നെയുണ്ടെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഒരു ബക്കറ്റ് നിറയെ ഏത്തപ്പഴം കൊണ്ടുവരാന്‍ നിര്‍ദേശിച്ചത്. ഗോപി രാവിലെ കക്കൂസില്‍ പോയപ്പോഴും നാലു പൊലീസുകാര്‍ അനുഗമിച്ചിരുന്നു. ഇയാള്‍ വിസര്‍ജിച്ചതില്‍നിന്നു മാല കണ്ടെത്തുകയും ഫിനൈല്‍ ഉപയോഗിച്ചു കഴുകി അണു നാശനം നടത്തുകയുമായിരുന്നു.

ഗോപിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ വസ്തുക്കള്‍ വിഴുങ്ങിയത് പുറത്തെടുക്കാന്‍ പഴം കഴിപ്പിക്കുന്നത് മുംബൈയില്‍ ആദ്യമല്ല. കഴിഞ്ഞ ഏപ്രിലില്‍ അറുപതിനായിരം രൂപ വിലവരുന്ന മാല വിഴുങ്ങിയ ആളില്‍നിന്നും ഇതേമാതിരി പുറത്തെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here