രുപത്തിനാലാം വയസില്‍ മെഡിക്കല്‍ഡിഗ്രിയും സിവില്‍സര്‍വീസും സ്വന്തമാക്കുക. അസിസ്റ്റന്റ് കളക്ടറായി നിയമനം ലഭിക്കുക. ആര്‍ക്കും സ്വപ്‌നം കാണാവുന്ന പദവികള്‍തന്നെ. പക്ഷേ, ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ റോമന്‍ സൈനി എന്ന ഇരുപത്തിനാലുകാരന് അതൊന്നും തൃപ്തി നല്‍കിയില്ല. രണ്ടാം വര്‍ഷം അസിസ്റ്റന്റ് കളക്ടറായിരിക്കേ ജോലി രാജിവച്ച് സിവില്‍സര്‍വീസിന്റെ പടിയിറങ്ങി റോമന്‍. തന്നെപ്പോലെ, ജീവിതത്തിന്റെ നിറമുള്ള സ്വപ്‌നങ്ങളുമായി ജീവിക്കുന്നവര്‍ക്ക് അക്കാദമിക പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുകയായിരുന്നു മിന്നുന്ന വിജയങ്ങളുടെ കൂട്ടുകാരനായിരുന്ന റോമന്റെ ദൗത്യം.

ജബല്‍പൂര്‍ അസിസ്റ്റന്റ് കളക്ടറായിരിക്കേയാണ് സിവില്‍സര്‍വീസ് വിട്ടിറങ്ങാന്‍ റോമന്‍ സൈനി തീരുമാനിച്ചത്. വിവിധ വിഷയങ്ങളിലുള്ള ലക്ചറുകള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തു വിവിധ വിഭാഗങ്ങളില്‍ ഉന്നതപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുകയായിരുന്നുലക്ഷം. ഇതുവരെ ഒന്നേകാല്‍ കോടി പേര്‍ റോമന്റെ അണ്‍അക്കാദമി പ്ലാറ്റ്‌ഫോം ലക്ചറുകള്‍ കണ്ടുകഴിഞ്ഞു. അണ്‍ അക്കാദമിക്കു ട്വിറ്ററില്‍ 20000 ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 60000 ലൈക്കുകളും ഉണ്ട്.

സ്‌കൂളില്‍ സഹപാഠിയായിരുന്ന ഗൗരവ് മുഞ്ജാലാണ് അണ്‍അക്കാദമി പ്ലാറ്റ്‌ഫോമിലേക്ക് റോമനെ നയിച്ചത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു അന്നു സൗരവ്. ബംഗളുരുവിലുണ്ടായിരുന്ന ജോലി രാജിവച്ചു സൗരവും ചേര്‍ന്നു. അങ്ങനെയാണ് ഓണ്‍ലൈന്‍ യുഗത്തില്‍ പുതിയ പരീക്ഷണമായി unacademy.in പിറന്നത്.

നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഓഫ്‌ലൈനില്‍ അതൊരിക്കലും സാധിക്കില്ലായിരുന്നുവെന്ന തിരിച്ചറിവാണ് ഓണ്‍ലൈന്‍ ലക്ചറുകളിലേക്കു നയിച്ചതെന്നും റോമന്‍ പറയുന്നു. ഏറെ ശ്രമകരമായാണ് താന്‍ സിവില്‍ സര്‍വീസ് വിജയിച്ചതെന്നും സുരക്ഷിതമായ ജോലി വിട്ടുപോരുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ഏറെ പേരുമായി ചര്‍ച്ച ചെയ്യേണ്ടിവന്നെന്നും റോമന്‍ പറയുന്നു.

പിന്നീടാണ് അണ്‍അക്കാദമിക് ചരിത്രം സൃഷ്ടിച്ചത്. റോമന്റെയും സൗരവിന്റെയും ക്ലാസുകള്‍ മാത്രം കേട്ടു തയാറെടുത്ത പത്തുപേരാണ് തൊട്ടടുത്ത വര്‍ഷം സിവില്‍ സര്‍വീസ് നേടിയത്. അവരില്‍തന്നെ അമന്‍ മിത്തല്‍ എന്നയാള്‍ ഇരുപതാം റാങ്ക് നേടുകയുംചെയ്തു.

ഒരു വര്‍ഷത്തിനുള്ളില്‍ 400 വീഡിയോ പാഠങ്ങളാണ് അണ്‍അക്കാദമിക് അപ് ലോഡ് ചെയ്തത്. 31 വിദഗ്ധര്‍ തയാറാക്കിയവയായിരുന്നു ഇത്. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, സാമ്പത്തിക ശാസ്ത്രം, ഭൂമിശാസ്ത്രം, ജീവശാസ്ത്രം, നിയമം തുടങ്ങിയ നിരവധി വിഷയങ്ങളിലെ പാഠങ്ങള്‍ ഇപ്പോള്‍ അണ്‍അക്കാദമിക്കില്‍ ലഭ്യമാണ്. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമുള്ള ക്ലാസുകള്‍ മറ്റ് ഇന്ത്യന്‍ല ഭാഷകളിലും ലഭ്യമാക്കാനാണ് റോമന്റെയും സൗരവിന്റെയും ലക്ഷ്യം.