നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി അല്ല; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസിലിന്റെ വെളിപ്പെടുത്തല്‍

മണിച്ചിത്രത്താഴിലെ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നില്ലെന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഫാസിലിന്റെ വെളിപ്പെടുത്തല്‍. തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ദുര്‍ഗയാണ് നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതെന്ന് ഫാസില്‍ മനോരമാ വാരികയിലെ ഓര്‍മ്മപ്പൂക്കള്‍ എന്ന പംക്തിയില്‍ പറയുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിനും നാഗവല്ലിയുടെ ശബ്ദവും ഭാഗ്യലക്ഷ്മിയുടേതാണെന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്.

ഫാസിലിന്റെ വാക്കുകള്‍ ഇങ്ങനെ: ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം, തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്ത് എന്നാണ്.

അതേസമയം, ഫാസിലിന്റെ വെളിപ്പെടുത്തല്‍ വന്ന അഭിമുഖം താന്‍ വായിച്ചിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ചിത്രത്തേക്കുറിച്ച് ഫാസില്‍ ഇപ്പോള്‍ പറഞ്ഞാല്‍ താനെന്താണ് മറുപടി പറയുകയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നടത്തിയ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് ദുര്‍ഗ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News