രാമക്ഷേത്രം വീണ്ടും രാഷ്ട്രീയവിഷയമാക്കി വിഎച്ച്പി; എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കും; രാം നവമി ഒരാഴ്ച ആഘോഷിക്കാന്‍ ആഹ്വാനം

ദില്ലി: രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കാന്‍ വിശ്വഹിന്ദു പരിഷത്ത്. 2017-ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി രാമക്ഷേത്രപ്രശ്‌നം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഗ്രാമങ്ങളിലെല്ലാം രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കവുമായി വിഎച്ച്പി രംഗത്തെത്തിയത്. വിശ്വഹിന്ദു പരിഷത്ത് വക്താവ് ശരദ് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ പതിനഞ്ചിന് രാം നവമിയുടെ ഭാഗമായി ദേശവ്യാപകമായി ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന രാം മഹോത്സവം സംഘടിപ്പിക്കാനും വിഎച്ച്പി തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഒന്നേകാല്‍ ലക്ഷം ഗ്രാമങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കും. മുന്‍ വര്‍ഷങ്ങളില്‍ എഴുപത്തയ്യായിരം ഗ്രാമങ്ങളില്‍ രാം നവമി കൊണ്ടാടിയിട്ടുണ്ടെന്നും ശരദ് ശര്‍മ പറഞ്ഞു.

രാം മഹോത്സവത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ രാമന്റെ പ്രതിമയില്‍ പൂജകള്‍ നടക്കും. പ്രതിമകള്‍ ഇല്ലാത്തിടങ്ങളില്‍ വലിയ ചിത്രങ്ങള്‍ സ്ഥാപിച്ചായിരിക്കും ആഘോഷങ്ങള്‍. രാമക്ഷേത്രപ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ് വിഎച്ച്പിയുടെ ലക്ഷ്യമെന്നാണു വിലയിരുത്തല്‍.

ഈവര്‍ഷാവസാനത്തിനു മുമ്പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നു കഴിഞ്ഞദിവസം ബിജെപി നേതാവ് കെ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. രാമക്ഷേത്രം രാഷ്ട്രീയ വിഷയമല്ലെന്നും ഹിന്ദുക്കളുടെ വിഷയമാണെന്നും അയോധ്യയിലല്‍ രാമക്ഷേത്ര നിര്‍മാണം ഓരോ ഹിന്ദുവിന്റെയും കടമയാണെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.

കോടതി അനുമതിയില്ലാതെ തര്‍ക്കസ്ഥലത്തു രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട്. കോടതി അനുവദിക്കാതെ തര്‍ക്കഭൂമിയില്‍ ഒരു ശില പോലും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു മുതിര്‍ന്ന എസ്പി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ശിവ്പാല്‍ സിംഗ് പറഞ്ഞിരുന്നു. രാമക്ഷേത്രം നിര്‍മിക്കാന്‍ ദേശവ്യാപകമായി വിഎച്ച്പി ശേഖരിച്ച കല്ലുകള്‍ ഡിസംബറില്‍ അയോധ്യയില്‍ എത്തിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News