കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം: പ്രതികള്‍ക്ക് കഠിനശിക്ഷ തീരുമാനിക്കേണ്ടത് പാര്‍ലമെന്റെന്ന് സുപ്രീംകോടതി; ഇരകളുടെ പ്രായത്തില്‍ വ്യക്തത വേണമെന്നും കോടതി

ദില്ലി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിലെ പ്രതികള്‍ക്ക് കഠിന ശിക്ഷനല്‍കുന്ന കാര്യം പാര്‍ലമെന്റെ് പരിഗണിക്കണമെന്ന് സുപ്രീം കോടതി. ശിക്ഷാ രീതി തീരുമാനിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ നിയമത്തില്‍ ഇരകളുടെ പ്രായം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ലൈംഗിക ശേഷി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ വനിത അഭിഭാഷകരുടെ സംഘടന ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ നിയമങ്ങളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. നിയനിര്‍മ്മാണം പാര്‍ലമെന്റിന്റെ അധികാരമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി നിയമങ്ങളില്‍ കുട്ടികളുടെ പ്രായം സംബന്ധിച്ച് വ്യക്തത വേണമെന്ന് നിര്‍ദ്ദേശിച്ചു.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കഠിനശിക്ഷ നല്‍കുന്ന കാര്യം ആലോചിക്കണമെന്നും സുപ്രീംകോടതി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു. കുട്ടികളെ പീഡിപ്പിക്കുന്നത് ലൈംഗിക വൈകൃതത്തിന്റയും ക്രൂരതയുടെയും അങ്ങേയറ്റമാണെന്നും ഇത് കര്‍ശനമായി തടയണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിലവില്‍ നിയമമുണ്ടെങ്കിലും ശിക്ഷ അപര്യാപ്തമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷ നല്‍കുന്ന നിയമം വേണമെന്ന് കഴിഞ്ഞ വര്‍ഷം ഔക്ടോബറില്‍ മദ്രാസ് ഹൈക്കോടതിയും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ലൈംഗിക ശേഷി ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശം അപരിഷ്‌കൃതമാണെന്ന് തോന്നുമെങ്കിലും കുട്ടികളെ പീഡിപ്പിക്കുന്ന കിരാതന്‍മാര്‍ക്ക് അപരിഷ്‌കൃത ശിക്ഷ നല്‍കുന്നതില്‍ തെറ്റില്ല എന്നായിരുന്നു അന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍ കിരുഭാകരന്റെ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News