സ്ത്രീ അഭിനേതാക്കള്‍ നേരിടുന്ന അസമത്വം ഇല്ലാതാക്കണമെന്ന് ശബാന ആസ്മി; ഇതിന് സൂപ്പര്‍ താരങ്ങള്‍ മുന്നോട്ടുവരണം; പുതുതലമുറ മാതൃകയാവണമെന്നും ശബാന

ന്യൂഡല്‍ഹി: സ്ത്രീ അഭിനേതാക്കള്‍ നേരിടുന്ന അസമത്വം ഇല്ലാതാക്കണമെന്ന് നടി ശബാന ആസ്മി. ഇതിന് സൂപ്പര്‍ താരങ്ങള്‍ മുന്നോട്ടുവരണം; പുതുതലമുറ മാതൃകയാവണമെന്നും ശബാന പറഞ്ഞു. സിനിമാ മേഖലയിലെ വേതന വ്യവസ്ഥ സംബന്ധിച്ചാണ് താരത്തിന്റെ പ്രതികരണം.

സൂപ്പര്‍ താരങ്ങളടക്കമുള്ള പുരുഷ അഭിനേതാക്കള്‍ ഈ ലിംഗ വ്യത്യാസത്തിനെതിരെ പ്രതികരിക്കണമെന്നും സ്ത്രീപക്ഷ സിനിമകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണമെന്നും ശബാന ആസ്മി അഭിപ്രായപെട്ടു. പുതിയ ചിത്രമായ സിനിമ ചോക്ക് ആന്റ് ഡസ്റ്ററിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശബാന ആസ്മി.

സേവനവേതന വ്യവസ്ഥയിലെ ലിംഗ വ്യത്യാസം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ട്. സിനിമ മേഖലയില്‍ അതിന് കുറവില്ല. സിനിമയിലെ നായക കഥാപാത്രത്തിന്റെ മൂല്യമാണ് ബോക്‌സ് ഓഫീസില്‍ പണമായി മാറുന്നത് എന്ന ധാരണയാണ് സിനിമ മേഖലയില്‍ നിലനില്‍ക്കുന്നത്. സിനിമയില്‍ നായകന്റെ പേര് കാണിച്ചശേഷം മാത്രമാണ് നായികയുടെ പേര് സ്‌ക്രീനില്‍ കാണിക്കുന്നത്. ശബാന പറഞ്ഞു.

നടന്‍ ഷാരൂഖ് ഖാന്‍ ഇതിന് വ്യത്യസ്തമായി ചിന്തിച്ചത് അഭിനന്ദനാര്‍ഹമാണെന്നും ശബാന അസ്മി പറഞ്ഞു. സഹനടിയായ ദീപിക പദുക്കോണിന്റെ പേര് തനിക്ക് മുന്‍പ് സ്‌ക്രീനില്‍ വരുന്നത് വളരെ മനേഹാരമായി കാണുന്നുവെന്നാണ് ഷാരൂഖ് പ്രതികരിച്ചത്.

തിരക്കുള്ള നടികള്‍ ചെറു കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയ്യാറാകുന്നുണ്ട്. സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ ആവശ്യമെങ്കില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകണം. ചലച്ചിത്രമേഖലയിലെ പുതു തലമുറ ഇതിന് മാതൃകയാകണമെന്നും ശബാന അസ്മി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News