പ്രിയ സഖാവിന് വിടനല്‍കി കൊല്ലം; മുതിര്‍ന്ന സിപിഐഎം നേതാവ് എംകെ ഭാസ്‌കരന്‍ ഇനി ഓര്‍മ്മ

ചവറ: സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംകെ ഭാസ്‌കരന് അന്ത്യാഞ്ജലി. പോളയത്തോട് എന്‍എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എംഎ ബേബി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മൃതദേഹം വൈകിട്ട് ചവറയിലെ വീട്ടുളപ്പില്‍ സംസ്‌കരിച്ചു. തുടര്‍ന്ന ചവറയില്‍ അനുസ്മരണ യോഗം ചേര്‍ന്നു. രോഗബാധയെത്തുടര്‍ന്ന് രണ്ടുമാസത്തോളമായി കൊല്ലം എന്‍എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എംകെ ഭാസ്‌കരന്‍. ഞായറാഴ്ച വൈകിട്ട് നില മോശമായതിനെത്തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 12.50നായിരുന്നു അന്ത്യം.

സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്. കരുനാഗപ്പള്ളി ആലുംകടവ് കോഴിത്തറ വീട്ടില്‍ കേശവന്റെയും നാരായണിയുടെയും മകനായി 1935ല്‍ ജനിച്ചു. 1954ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1955ല്‍ കളരി മേക്കാട് പാര്‍ടി സെല്‍ സെക്രട്ടറിയും 1958ല്‍ രൂപീകൃതമായ പന്മന ബ്രാഞ്ചിന്റെ ആദ്യ സെക്രട്ടറിയുമായി.

1965ല്‍ സിപിഐഎം കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറിയും 1968ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായി. 1980 മുതല്‍ രണ്ടു വര്‍ഷം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി. 1985 മുതല്‍ 30 വര്‍ഷം സംസ്ഥാനകമ്മിറ്റിയില്‍ അംഗമായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2015 ഫെബ്രുവരിയില്‍ നടന്ന ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവായി.

മയ്യനാട് ഡിവിഷനെ പ്രതിനിധീകരിച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക കടാശ്വാസ കമീഷന്‍ അംഗമായി. സംസ്ഥാന സഹകരണബാങ്ക് ഭരണസമിതി അംഗം, ചവറ കെഎംഎംഎല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ഏഴുമാസം ജയില്‍വാസം അനുഭവിച്ചു. അടിയന്തരാവസ്ഥയില്‍ എന്‍ ശ്രീധരനൊപ്പം 19 മാസം ഒളിവില്‍ കഴിഞ്ഞു.

ഭാര്യ രാജമ്മ ഭാസ്‌കരന്‍ സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ്. എംആര്‍ ബിന്ദു, എം ആര്‍ ബിജു എന്നിവരാണ് മക്കള്‍. സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി അംഗം പിഎ എബ്രഹാം, വി വിക്രമന്‍ എന്നിവരാണ് മരുമക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here