പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയുമായും സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്ക്; ബെഹ്‌റ നിയമിച്ച ടെക്‌നിക്കല്‍ ഡയറക്ടറുടെ സ്ഥലംമാറ്റം സര്‍ക്കാര്‍ റദ്ദാക്കി; സര്‍ക്കാര്‍ ഫ്ളാറ്റ് ലോബിയ്ക്ക് വഴങ്ങിയെന്ന് വിഎസ്

തിരുവനന്തപുരം: പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയുമായും സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്ക്. ഫയര്‍ഫോഴ്‌സ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമിച്ച ടെക്‌നിക്കല്‍ ഡയറക്ടറെ സര്‍ക്കാര്‍ സ്ഥലം മാറ്റി. 10 ദിവസത്തിനുള്ളില്‍ രണ്ട് തവണയാണ് ടെക്‌നിക്കല്‍ ഡയറക്ടറെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

ടെക്‌നിക്കല്‍ ഡയക്ടര്‍ ഇബി പ്രസാദിനോട് ഫയര്‍ഫോഴ്‌സ് ആസ്ഥാനത്ത് ചുമതലയേല്‍ക്കാന്‍ ലോക്‌നാഥ് ബെഹ്‌റ സര്‍വീസ് ഓര്‍ഡറിലൂടെയാണ് ഉത്തരവ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി ഒന്നാം തീയതി മുതല്‍ ഇബി പ്രസാദ് ഫയര്‍ഫോഴ്‌സ് ആസ്ഥാനത്ത് ചുമതലയേറ്റെടുത്തു. ഫ്‌ളാറ്റുകള്‍ക്ക് നിലവിലുള്ള നിയമപ്രകാരം അനുമതി നല്‍കാനാകുമോ എന്ന് പരിശോധിക്കുകയാണ് ഇവി പ്രസാദിന്റെ ചുമതല.

കമാന്‍ഡന്റ് ജനറല്‍ കഴിഞ്ഞാല്‍ ഫയര്‍ഫോഴ്‌സിലെ രണ്ടാമനാണ് ഇബി പ്രസാദ്. ഫ്ളാറ്റുകള്‍ക്ക് അന്തിമാനുമതി നല്‍കണമോ എന്നകാര്യം തീരുമാനിക്കുന്നത് ടെക്‌നിക്കല്‍ ഡയറക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ്. ഫയലുകള്‍ പ്രസാദ് പരിശോധിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഫയര്‍ഫോഴ്‌സ് ഡിജിപി ബഹ്‌റയുടെ തീരുമാനം റദ്ദാക്കി പ്രസാദിനോട് തൃശൂരേക്ക് മടങ്ങിപ്പോകാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്.

ഡയറക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള അധികാരം സര്‍ക്കാരിനാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റം റദ്ദാക്കിയത്. ജേക്കബ് തോമസിനോടൊപ്പം ഫ് ളാറ്റ് ലോബിക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനാണ് ഇബി പ്രസാദ്.

അനധികൃത ഫ്ളാറ്റുകള്‍ക്ക് അനുമതി നല്‍കാനായി കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍ ബാധകമാക്കിയാല്‍ മതിയാകും എന്ന് സര്‍ക്കാര്‍ അടുത്തിടെ ഉത്തരവ് ഇറക്കി. ഉത്തരവില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബഹ്‌റയും പ്രസാദും സര്‍ക്കാരിന് വീണ്ടും കത്തുനല്‍കി.

പ്രസാദ് തല്‍സ്ഥാനത്ത് തുടരുകയാണെങ്കില്‍ ഫ് ളാറ്റ് നിര്‍മ്മാണം വീണ്ടും വഴിമുട്ടും എന്ന് ഉറപ്പായി. ഇതിനാലാണ് ഫ്ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വീണ്ടും തൃശൂരിലേക്ക് സ്ഥലം മാറ്റിയത്.

ഫയര്‍ഫോഴ്‌സിന്റെ പൂര്‍ണ്ണാനുമതി ലഭിക്കും മുന്‍പ് സെക്രട്ടേറിയറ്റിന്റെ അനക്‌സ് ബില്‍ഡിംഗ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഫ്ളാറ്റ് ലോബിയെ സഹായിക്കാനാണ് എന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News