ലോക ടെന്നീസ് റാങ്കിംഗില്‍ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും ഒന്നാമത്. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയാണ് ഒന്നാം റാങ്കില്‍ തുടരുന്നത്. സഖ്യ താരം മാര്‍ട്ടിന ഹിന്‍ജിസ് ആണ് രണ്ടാമത്. വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഇന്ത്യയില്‍ നിന്ന് ഒരു വനിതാ താരം പോലും ഇടം നേടിയില്ല. പുരുഷ സിംഗിള്‍സില്‍ മൂന്ന് പേര്‍ ഇടം നേടി.
ഡബിള്‍സില്‍ സാനിയ മിര്‍സ – മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഒന്നാം റാങ്ക് നിലനിര്‍ത്തി. ഇരുവരും ചേര്‍ന്ന സഖ്യം 26 കളികളാണ് ജയിച്ചു മുന്നേറിയത്. ഇരുവരും ചേര്‍ന്ന് ആറ് ലോക കിരീടങ്ങളാണ് നേടിയത്. യുഎസ് ഓപ്പണ്‍, ഗ്വാന്‍ഷു, വുഹാന്‍, ബെയ്ജിംഗ്, ഡബ്ല്യൂടിഎ, ബ്രിസ്‌ബേന്‍ ഡബിള്‍സ് കിരീടങ്ങള്‍ ഇരുവരും നേടി.
ജോഡിയും സ്വിസ് താരവുമായ മാര്‍ട്ടിന ഹിന്‍ജിസ് രണ്ടാം സ്ഥാനത്ത് എത്തി. 11,395 പോയിന്റോടെയാണ് ഡബിള്‍സില്‍ സാനിയ ഒന്നാമതെത്തിയത്. 11,355 പോയിന്റോടെയാണ് മാര്‍ട്ടിന ഹിന്‍ജിസ് രണ്ടാമത് എത്തിയത്. ബെഥനി മാറ്റക് സാന്‍ഡ്‌സ് മൂന്നാമതും ലൂസി സഫറോവ നാലാം സ്ഥാനത്തുമാണ്.
വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ് ഒന്നാം റാങ്ക് നിലനിര്‍ത്തി. വനിതാ സിംഗിള്‍സില്‍ രണ്ടാം സ്ഥാനത്തുള്ള സിമോണ ഹാലെപ്പിനേക്കാള്‍ ബഹുദൂരം മുന്നിലാണ് സെറീന. 9,945 പോയിന്റോടെയാണ് സെറീനയുടെ നേട്ടം. സിമോണ ഹാലപ്പിന് നേടാനായത് 5,880 പോയിന്റ്. ഗാര്‍ബിന്‍ മുഗുരുസയാണ് മൂന്നാമത്. 3,511 പോയിന്റോടെ വീനസ് വില്യംസ് പത്താമതാണ്. 101 റാങ്കുകളില്‍ ഇന്ത്യക്കാര്‍ ആരും ഇടം നേടിയിട്ടില്ല.
ഇന്ത്യന്‍ പുരുഷന്മാരില്‍ ഡബിള്‍സ് റാങ്കിംഗില്‍ റോഹന്‍ ബൊപ്പണ്ണ മാത്രമാണ് ആദ്യ പത്തില്‍ എത്തിയത്. ബ്രസീലിന്റെ മാര്‍സെലോ മെലോ ആണ് ഒന്നാം റാങ്കുകാരന്‍. പുരുഷന്മാരുടെ സിംഗിള്‍സ് റാങ്കിംഗില്‍ നൊവാക് ജോക്കോവിച്ച് ആണ് ഒന്നാമത്. ആന്‍ഡി മുറൈയും റോജര്‍ ഫെഡററും ആണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 95-ാം സ്ഥാനത്തുള്ള യുകി ഭാംബ്രിയാണ് മുന്നിലുള്ള ഇന്ത്യക്കാരന്‍. 168-ാം സ്ഥാനത്തുള്ള സാകേത് മൈനേനിയും 173-ാം റാങ്കിലുള്ള സോംദേവ് ദേവ്വര്‍മ്മനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here