സിപിഐഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയും തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ്, നവകേരള മാര്‍ച്ച് ഒരുക്കങ്ങള്‍ വിലയിരുത്തും; പിണറായി നയിക്കുന്ന മാര്‍ച്ച് 15 മുതല്‍

തിരുവനന്തപുരം: സി.പി.ഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്നും നാളെയും എ.കെ.ജി സെന്ററില്‍ ചേരും.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച യോഗത്തില്‍ ഉണ്ടാകും. ‘മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും

മാര്‍ച്ച് ഈമാസം 15ന് കാസര്‍കോട്ടുനിന്ന് പര്യടനമാരംഭിച്ച് ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഗോളവല്‍ക്കരണ ദുര്‍നയങ്ങള്‍, വര്‍ഗീയത, അഴിമതി എന്നിവയ്‌ക്കെതിരെയും പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി ജനങ്ങളെ ഒന്നിച്ചണിനിരത്താനുമുള്ള ചരിത്രയാത്രയ്ക്കാണു കേരളം സാക്ഷ്യംവഹിക്കുക.

15ന് വൈകിട്ട് നാലിന് ഉപ്പളയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാര്‍ച്ച് ഉദ്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും. ജാഥയില്‍ എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഡോ. കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.

എല്ലാ നിയമസഭാമണ്ഡലങ്ങളിലെയും ഒരു കേന്ദ്രത്തില്‍ സ്വീകരണമുണ്ടാകും. ഒരുദിവസം നാല് സ്വീകരണ പരിപാടികളാണ്. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് ഫെബ്രുവരി 14-ന്റെ സമാപനറാലി. നവകേരള മാര്‍ച്ചിന്റെ സന്ദേശം എല്ലാ പ്രദേശങ്ങളിലുമെത്തിക്കാന്‍ ഏരിയാതലത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ നയിക്കുന്ന കാല്‍നട പ്രചാരണജാഥകള്‍ പര്യടനം നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News