ഇരുപതാണ്ടുകള്‍ക്കു ശേഷം സേഠ് നാഗ്ജി ഫുട്‌ബോളിന് വീണ്ടും പന്തുരുളുന്നു; മലബാറിന്റെ കാല്‍പന്ത് ആവേശത്തിന് പുതുജീവന്‍; കിക്കോഫ് ഫെബ്രുവരി അഞ്ചിന്

കോഴിക്കോട്: ഒരുകാലത്ത് മലബാറുകാരുടെ ഫുട്‌ബോള്‍ ആവേശം വാനോളമുയര്‍ത്തിയ സേഠ് നാഗ്ജി ഫുടബോളിന് പുതുജീവന്‍. ഫെബ്രുവരി അഞ്ച് മുതല്‍ 21 വരെ കോഴിക്കോട് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 7 പ്രമുഖ വിദേശ ടീമുകള്‍ പങ്കെടുക്കും. ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡിഞ്ഞ്യോ നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസഡറായി കോഴിക്കോട്ടെത്തും.

രണ്ട് പതിറ്റാണ്ട് മുമ്പ് വിസ്മൃതിയിലേക്ക് നീട്ടിയടിച്ച ആ കാല്‍ പന്ത് വീണ്ടും കോഴിക്കോടിന്റെ മണ്ണിലുരുളുമ്പോള്‍ ആരാധകരുടെ സിരകളില്‍ ആവേശം വാനോളമുയരുമെന്നുറപ്പാണ്. 1952 മുതല്‍ നഗര മദ്ധ്യത്തിലെ ഇഎംഎസ് സ്‌റ്റേഡിയത്തിന്റെ സ്ഥാനത്തുണ്ടായിരുന്ന പഴയ കളിമൈതാനത്ത് നടന്നിരുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് 1995ലാണ് അവസാന വിസില്‍ മുഴങ്ങിയത്. രാജ്യത്തെ തന്നെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലൊന്നായിരുന്ന സേഠ് നാഗ്ജി ടൂര്‍ണ്ണമെന്റില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ടീമുകളെത്തി പന്തു തട്ടിയത് ചരിത്രം.

കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സൗദിയില്‍ നിന്നുള്ള മോണ്ടിയല്‍ സ്‌പോര്‍ട്‌സും സംയുക്തമായാണ് ടൂര്‍ണ്ണമെന്റിന് ആഥിത്യമരുളുന്നത്. അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീമും ജര്‍മനി, ബ്രസീല്‍, സ്‌പെയിന്‍, ഇംഗ്ലണ്ട്, റുമേനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്ലബുകളുമുള്‍പ്പെടെ 7 വിദേശ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐ ലീഗ് ക്ലബും ടൂര്‍ണ്ണമെന്റിലുണ്ടാവും.

നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി മത്സരം നടക്കും. സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ അന്തിമ ചിത്രം തെളിഞ്ഞതോടെ ഒരുകാലത്ത് കോഴിക്കോട്ട് നിറഞ്ഞു കവിഞ്ഞിരുന്ന ആയിരങ്ങളുടെ ആരവങ്ങളും ഫുട്‌ബോളിന്റെ വസന്ത കാലവും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News