പെര്‍ത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി; കങ്കാരുപ്പടയുടെ ജയം അഞ്ചു വിക്കറ്റുകള്‍ക്ക്; ഓസീസിന് തുണയായത് ബെയ്‌ലിയുടെയും സ്മിത്തിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ്

പെര്‍ത്ത്: പെര്‍ത്ത് ഏകദിനത്തില്‍ തോല്‍വിയോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങി. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ രണ്ട് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 310 റണ്‍സ് വിജയലക്ഷ്യം ഓസീസ് അഞ്ചുവിക്കറ്റ് ശേഷിക്കെ മറികടന്നു. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെയും ജോര്‍ജ് ബെയ്‌ലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസീസിന് ജയം സമ്മാനിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും മിച്ചല്‍ മാര്‍ഷും ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ഏകദിനം കളിക്കുന്ന ബരീന്ദര്‍ ശ്രാണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

310 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നിലയുറപ്പിക്കും മുമ്പ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും പവലിയനിലെത്തി. ഫിഞ്ച് 5 റണ്‍സിനും വാര്‍ണര്‍ 8 റണ്‍സിനും പുറത്തായി. എന്നാല്‍, പിന്നീടു വന്ന നായകന്‍ സ്മിത്തും ബെയ്‌ലിയും ഒരറ്റത്ത് ഉറച്ചു നിന്ന് പൊരുതാന്‍ തുടങ്ങിയതോടെ സ്‌കോറിംഗിനു വേഗം കൂടി. ആദ്യം ശതകം പിന്നിട്ടത് ബെയ്‌ലിയായിരുന്നു. തൊട്ടുപിന്നാലെ സ്മിത്തും സെഞ്ച്വറി തികച്ചു. സ്മിത്ത് 135 പന്തുകളില്‍ നിന്ന് 149 ഉം ബെയ്‌ലി 120 പന്തുകളില്‍ നിന്ന് 112 റണ്‍സെടുത്തും പുറത്തായി.

രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 309 റണ്‍സെടുത്തു. 163 പന്തില്‍ 171 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ശിഖര്‍ ധവാന്‍ ആറാമത്തെ ഓവറില്‍ 9 റണ്‍സുമായി പുറത്തായ ശേഷം കോഹ്‌ലിയും രോഹിതും ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. 97 പന്തില്‍ 91 റണ്‍സെടുത്തു വിരാട് കോഹ്‌ലി പുറത്തായി. ഇരുവരും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ശ്രദ്ധയോടെയാണു നേരിട്ടത്. കോഹ്‌ലിക്കു ശേഷം ക്രീസിലെത്തിയ നായകന്‍ ധോണി ഇത്തവണയും പതിവു തെറ്റിച്ചില്ല. പതിമൂന്നു പന്തില്‍ പതിനെട്ടു റണ്‍സെടുത്തു ധോണി പുറത്തായി.

122 പന്തിലാണ് രോഹിത് ശര്‍മ സെഞ്ചുറി തികച്ചത്. ഏഴു ബൗണ്ടറിയും മൂന്നു സിക്‌സറും അടങ്ങുന്നതായിരുന്നു ശതകം. ബരീന്ദര്‍ സ്രാന്‍ ഇന്നത്തെ കളിയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. അഞ്ചു മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഫോക്‌നര്‍ രണ്ടും ഹാസല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News