ഇന്ത്യയുടെ തെളിവുകള്‍ തള്ളി പാകിസ്ഥാന്‍; ഭീകരരുടെ ഫോണ്‍നമ്പറുകളുടെ ഉറവിടം പാകിസ്ഥാനല്ലെന്ന് പാക് അന്വേഷണസംഘം; വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറിയേക്കും

ഇസ്ലമാബാദ്/ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ തള്ളി പാകിസ്ഥാന്‍. ഭീകരര്‍ വിളിച്ചതെന്ന് ചൂണ്ടികാട്ടി ഇന്ത്യ നല്‍കിയ ഫോണ്‍നമ്പറുകള്‍ പാക്കിസ്ഥാനിലേത് അല്ലെന്ന് സംയുക്ത അന്വേഷണ സംഘം. ഐഎസ്‌ഐ ഉള്‍പ്പെട്ട സംയുക്ത അന്വേഷണ സംഘത്തിന്റേതാണ് പുതിയ കണ്ടെത്തല്‍. പാകിസ്ഥാന്‍ ഇന്ത്യക്ക് നല്‍കിയ പ്രാഥമിക അന്വേഷണ വിവരത്തിലാണ് പാക് നിലപാട് വ്യക്തമായത്.

ഐഎസ്‌ഐ, പാക് സൈന്യം, രഹസ്യാന്വേഷണ വിഭാഗം എന്നിവരുള്‍പ്പെട്ട സംയുക്ത അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്ന് വ്യക്തമാക്കിയത്. ഗുരുദാസ്പൂര്‍ എസ്പിയുടെ അടക്കം ഫോണില്‍ നിന്നും ഭീകരര്‍ ജെയ്‌ഷെ മുഹമ്മദ് താവളത്തിലേക്ക് വിളിച്ചതിന്റെ വിശദാംശങ്ങളാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയത്.

എന്നാല്‍ നല്‍കിയിട്ടുള്ള അഞ്ച് ഫോണ്‍ നമ്പറുകളും പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത് അല്ലെന്നാണ് പാക് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാകിസ്ഥാനിലേത് അല്ലാത്ത തെളിവായതിനാല്‍ തന്നെ ഈ നമ്പറുകളില്‍ തുടര്‍ അന്വേഷണം നടത്താന്‍ ആകില്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക്ക് ചാരസംഘടന ഉള്‍പ്പെട്ട സംയുക്ത അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പാക്കിസ്ഥാന്‍ നല്‍കി.

പാക്ക് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ദില്ലിയില്‍ സൈനിക ഉന്നത തല യോഗം ചേര്‍ന്നു. പാക്ക് നിലപാട് വ്യക്തമായതോടെ ഈ മാസം 15ന് നടക്കേണ്ടിയിരുന്ന ഇന്ത്യാ – പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കും. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി നാസ്സര്‍ ഖാന്‍ ജന്‍ജ്ജുവായും സ്ഥിതി വിലയിരുത്തി രഹസ്യ ചര്‍ച്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News