പത്തനംതിട്ട: അടൂരില്‍ കുടുംബസുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിളാ മന്ദിരത്തില്‍ ആയിരുന്നു പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കൂട്ടുകാരിയെയും കുടുംബസുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട് കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംഭവത്തിനു ശേഷം പെണ്‍കുട്ടികള്‍ക്ക് 3,000 രൂപ നല്‍കുകയും മറ്റു കൂട്ടുകാരികളെയും കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ 9 പേരെ പൊലീസ് കഴിഞ്ഞ മാസം തന്നെ അറസ്റ്റു ചെയ്തിരുന്നു.
കുടുംബസുഹൃത്ത് കുട്ടികളെ കടല്‍ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് കടമ്പനാട്ടെത്തിയപ്പോള്‍ ഒരു സുഹൃത്തിന്റെ വീടാണെന്നു പറഞ്ഞ് കുട്ടിയെയും കൊണ്ട് ഒരു വീട്ടിലേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഇയാളും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്ത കുട്ടിയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കെട്ടിയിട്ട ശേഷം പീഡനത്തിനിരയാക്കി. പിറ്റേദിവസം വീണ്ടും കുട്ടികളെ വിളിച്ചു കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന കുട്ടിയെ തൊട്ടടുത്ത ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടായെങ്കിലും എതിര്‍ത്തതിനാല്‍ നടന്നില്ല. പിറ്റേദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും കൊണ്ടുപോയി മറ്റു 5 സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. കുട്ടികള്‍ പരസ്പരം സംസാരിച്ചപ്പോള്‍ അടുത്തിരുന്ന കുട്ടി സംഭവം കേട്ട് സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here