സുവിശേഷകനെ ഗുണ്ടയായി ചിത്രീകരിച്ച കേസെടുപ്പിച്ച കൊടിക്കുന്നിലിന്റെ വാദം പൊളിയുന്നു; അശോകന് ജയിലില്‍ സുവിശേഷം നടത്താന്‍ ഡിജിപി നല്‍കിയ അനുമതിപത്രം പുറത്ത്; സുവിശേഷകനെതിരായ കള്ളക്കേസ് പിന്‍വലിക്കണം എന്ന് ആവശ്യം

തിരുവനന്തപുരം: സുവിശേഷ പ്രവര്‍ത്തകനെ ഗുണ്ടയായി ചിത്രീകരിച്ച് കള്ളക്കേസ് എടുപ്പിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വാദം പൊളിയുന്നു. തിരുവനന്തപുരം കനകനഗര്‍ സ്വദേശിയായ അശോകന്‍ സുവിശേഷ പ്രവര്‍ത്തകന്‍. ഇദ്ദേഹത്തിനെതിരെ ഇതുവരെ കേസുകളില്ല. പൊലീസിന്റെ വെരിഫിക്കേഷന്‍ പ്രകാരം ജയിലില്‍ സുവിശേഷം നടത്താന്‍ അനുമതി ലഭിച്ച വ്യക്തികൂടിയാണ് അശോകന്‍.

തിരുവനന്തപുരം കനകനഗറില്‍ വാടകവീട്ടിലാണ് അശോകന്റെ താമസം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മധ്യസ്ഥതയ്‌ക്കെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അശോകനെതിരെ കേസെടുത്തത്. ഇത് കള്ളക്കേസ് ആണ് എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നു. മാത്രവുമല്ല അശോകനെ എംപിയും ഒപ്പമുണ്ടായിരുന്നവരും ആക്രമിക്കുകയും ചെയ്തു. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നിര്‍ദ്ദേശപ്രകാരം സുവിശേഷ പ്രവര്‍ത്തകനായ അശോകനെതിരായി മ്യൂസിയം പൊലീസ് വധശ്രമത്തിനാണ് കേസെടുത്തത്.

തിരുവനന്തപുരം പൂജപ്പുര ഉള്‍പ്പടെ കേരളത്തിലെ വിവിധ ജയിലുകളിലാണ് അശോകന്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നത്. ജയിലില്‍ സുവിശേഷത്തിന് അധികൃതര്‍ അനുമതി നല്‍കിയ രേഖകള്‍ അശോകന്‍ ഗുണ്ട അല്ലെന്ന കാര്യം വ്യക്തമാക്കുന്നു. തിരുവനന്തപുരം കനകനഗര്‍ കൊച്ചാലയം വീട്ടിലെ അശോകനെ സിപിഐഎമ്മിനുവേണ്ടി ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്നയാള്‍ എന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി അധിക്ഷേപിച്ചത്.

ജയില്‍ സുവിശേഷം നടത്തുവാന്‍ അനുമതി നല്‍കേണ്ടത് ജയില്‍ ഡിജിപിയാണ്. അപേക്ഷകള്‍ പരിഗണിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്‍സ് വിഭാഗവും സൂഷ്മമായ അന്വേഷണം നടത്തിയ ശേഷമേ ഒരാള്‍ക്ക് ജയില്‍ സുവിശേഷത്തിന് അനുമതി ലഭ്യമാകൂ. കുറ്റവാളികള്‍, ഏതെങ്കിലും കേസില്‍ പ്രതിയാക്കപ്പെട്ടവര്‍, അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് ജയിലില്‍ സുവിശേഷത്തിന് അനുമതി നല്‍കാറില്ല. ഇക്കാര്യം വെരിഫിക്കേഷനിലൂടെ ഉറപ്പാക്കിയ ശേഷം മാത്രമാണ് അനുമതി ലഭ്യമാവുക.

കാലാവധി അവസാനിയ്ക്കുന്ന മുറയ്ക്കും ഇതേ മാനദണ്ഡം അവലംബിച്ചാണ് വീണ്ടും അനുമതി പത്രം നല്‍കുന്നത്. ജയിലിന് അകത്തോ പുറത്തോ പരാതികള്‍ ഉണ്ടാകാതെ വേണം സുവിശേഷം നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ബന്ധപ്പെട്ട ജയിലിലെ അധികാര വിഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്യും.

വര്‍ഷങ്ങളായി ജയില്‍ സുവിശേഷ പ്രവര്‍ത്തനത്തില്‍ സജീവമായ അശോകന് ഒരിക്കല്‍ പോലും അനുമതി നിഷേധിക്കപ്പെട്ടിട്ടില്ല. 2015 നംവംബര്‍ അവസാനം നല്‍കിയ അപേക്ഷയിലും അന്വേഷണം നടത്തിയാണ് ജയില്‍ ഡിജിപി അശോകന് അനുമതി നല്‍കിയത്. ഏറ്റവും ഒടുവില്‍ ജയില്‍ ഡിജിപി ആയ ഋഷിരാജ് സിങിന്റെ അനുമതിയോടെയാണ് പാസ്റ്റര്‍ അശോകന്‍ ജയില്‍ സുവിശേഷം നടത്തി വരുന്നത്.

എംപിയുടെ മര്‍ദ്ദനമേറ്റ ദിവസം രാവിലെയും അശോകന്‍ ജയിലില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്നു. ഗുണ്ട എന്ന് ആക്ഷേപത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി മാപ്പ് പറയണമെന്നും അശോകനെതിരായ കളളക്കേസ് പിന്‍വലിക്കണമെന്നും പെന്തക്കോസ്തു വിഭാഗം ആവശ്യപ്പെടുന്നു. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും പെന്തക്കോസ്ത് സമൂഹത്തില്‍ ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News