ജയില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; വാര്‍ഡര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണം

തൃശൂര്‍: സംസ്ഥാനത്തെ ജയില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കും. ജയിലുകളില്‍ വാര്‍ഡര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രത്യേക കുറ്റം ചുമത്തപ്പെട്ട് ജയിലുകളില്‍ പാര്‍പ്പിക്കുന്ന തടവുകാര്‍ക്ക് പരോള്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് കമ്മീഷന്റെ നിരീക്ഷണം. കജഇ 392 മുതല്‍ 402 വരെയുള്ള വകുപ്പുകള്‍ പ്രകാരം തടവിലാക്കപ്പെട്ട കുറ്റവാളികള്‍ക്കാണ് പരോള്‍ നല്‍കുന്നതില്‍ വിലക്കുള്ളത്. ഇക്കാര്യത്തില്‍ നിയന ഭേദഗതി നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു

ജീവനക്കാരുടെ കുറവുണ്ടായിട്ടും ഉള്‍ക്കൊള്ളാനാവുന്നതിലധികം തടവുകാരെയാണ് ജയിലുകളില്‍ പാര്‍പ്പിക്കുന്നത്. വാര്‍ഡന്മാരില്ലാത്തതിനാല്‍ തടവു പുള്ളികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. തടവുകാരെ കോടതിയില്‍ ഹാജരാക്കാനും തടസം നേരിടുന്നുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. എണ്‍പതു വയസു കഴിഞ്ഞ തടവുകാരെ പ്രായ പരിധിയുടെ ആനുകൂല്യം നല്‍കി വിട്ടയക്കുന്ന കാര്യം പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനമെടുത്തതായി ജസ്റ്റിസ് ജെബി കോശി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here