ജോലി തേടി ആഫ്രിക്കയില്‍ പോയി; എത്തിയത് കടല്‍ക്കൊള്ളക്കാരുടെ കപ്പലില്‍; ഇപ്പോള്‍ മോഷ്ടാക്കളെന്ന പേരില്‍ ജയിലില്‍; മോചനം ആവശ്യപ്പെട്ടു ബന്ധുക്കള്‍ ദില്ലിയില്‍

ദില്ലി: ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവില്‍ കഴിയുന്ന മലയാളി യുവാക്കളുടെ മോചനം വൈകുന്നു.മോചനത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് ബന്ധുക്കള്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന് ദില്ലിയിലെത്തി നിവേദനം നല്‍കി.രണ്ടു വര്‍ഷത്തിലധികമായി ടോഗോ ജയിലില്‍ കഴിയുകയാണ് മലയാളികളായ അഞ്ച് യുവാക്കള്‍.

2013 ജൂണ്‍ 22 നാണ് ഏറണാകുളം ജില്ലക്കാരായ നവീന്‍, നിതിന്‍ ബാബൂ, തരുണ്‍ ബാബു, ഗോഡ് വിന്‍ ആന്റണി, ഷാജി എന്നിവര്‍ കപ്പല്‍ ജോലിക്കായി ടോഗോയില്‍ എത്തിയത്. കടല്‍ക്കൊള്ളക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കപ്പലിലാണ് ഇവര്‍ അബദ്ധത്തില്‍ ചെന്നു പെട്ടത്. ദിവസങ്ങള്‍ക്കം തന്നെ മോഷണം, മേഷണശ്രമം, സംഘം ചേര്‍ന്ന് ഗുണ്ടാ പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തി ടോഗോ പോലീസ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.

വിചാരണയില്‍ സംഘം ചേര്‍ന്നുള്ള ഗുണ്ടാപ്രവര്‍ത്തനം എന്ന കുറ്റം തെളിയിക്കാനായില്ലെങ്കിലും മോഷണകുറ്റത്തില്‍ നാല് വര്‍ഷം തടവു ശിക്ഷ വിധിച്ചു. കപ്പലിലെ ചെറിയ സാധനങ്ങള്‍ മോഷ്ടിച്ചു എന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. നിരപരാധിത്വം തെളിയിക്കാനായി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും വിചാരണ ഓരോ തവണയും മാറ്റി വയ്ക്കുകയാണ്.രാഷ്ട്രീയപരമായ ചില കാരണങ്ങല്‍ കൂടി കൊണ്ടാണ് ഇവരുടെ മോചനം വൈകുന്നതെന്ന് യുവാക്കളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഡോ നിസാര്‍ കോച്ചേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കുടൂംബാംഗങ്ങള്‍ ദില്ലിയിലെത്തി വിദേശകാര്യ സെക്രട്ടിമാരെ കാണുകയും സുഷമ സ്വരാജിന് നിവേദനം നല്‍കുകയും ചെയ്തത്. ഇന്ത്യന്‍ ഹൈക്കമ്മീഷണ്‍ ടോഗോ പ്രസിഡണ്ടുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തണമെന്നാണ് സുഷമ സ്വരാജിന് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News