ഐഎസ് അമേരിക്കയ്ക്കു ഭീഷണിയല്ലെന്ന് ഒബാമ; ലോകം അമേരിക്കയെ ഉറ്റുനോക്കുന്നു; നെറ്റ് സമത്വം അമേരിക്കയുടെ നയമെന്നും യുഎസ് കോണ്‍ഗ്രസിലെ അവസാന പ്രസംഗം

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്‌റ്റേറ്റ് അമേരിക്കയ്ക്കു ഭീഷണിയല്ലെന്നും എന്നാല്‍ ഇവയുടെ വേരറുക്കണമെന്നു അമേരിക്കന്‍ കോണ്‍ഗ്രസിനോട് പ്രസിഡന്റ് പദവിയിലുള്ള അവസാന പ്രസംഗത്തില്‍ ബരാക് ഒബാമ. അടുത്തവര്‍ഷത്തെക്കുറിച്ചോ അഞ്ചുവര്‍ഷങ്ങളെക്കുറിച്ചോ പത്തുവര്‍ഷങ്ങളെക്കുറിച്ചോ അല്ല ഭാവിയെക്കുറിച്ചു മൊത്തത്തിലാണ് തനിക്കു പറയാനുള്ളതെന്നും ഒബാമ പറഞ്ഞു.

ഐഎസിനെതിരായ പോരാട്ടം മൂന്നാം ലോകമഹായുദ്ധമല്ല. അല്‍ക്വയ്ദയും ഐഎസും ജനങ്ങള്‍ക്കു നേരിട്ടുള്ള ഭീഷണിയാണ്. ഭീകരര്‍ മനുഷ്യജീവനു യാതൊരു വിലയും കല്‍പിക്കുന്നില്ല. അവരുടെ ജീവനു പോലും സ്വയം വില കല്‍പിക്കാത്തവരാണ്. യുവാക്കളുടെ മനസില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വിഷം കുത്തിവയ്ക്കുയാണ് അവര്‍ ചെയ്യുന്നത്. ലോകത്തെ ശക്തമായ രാജ്യമാണ് അമേരിക്ക. എന്നാല്‍ ലോക പൊലീസ് ആകേണ്ടതില്ല. സൈനികാവശ്യങ്ങള്‍ക്കു വലിയതോതില്‍ പണം ചെലവഴിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സൈന്യം അമേരിക്കയുടേതാണ്. ഒരു രാഷ്ട്രവും അമേരിക്കയെ ആക്രമിക്കാന്‍ തയാറാവില്ല. അത് അവരുടെ നാശത്തിനുള്ള വഴിയാണെന്ന് അവര്‍ക്കറിയാം. ഏതൊരു അന്താരാഷ്ട്ര വിഷയത്തിലും ലോകം ഉറ്റുനോക്കുന്നത് ബീജിംഗിനെയോ മോസ്‌കോയെയോ ഒന്നുമല്ല. അമേരിക്കയെയാണ്. ജനങ്ങളെ ജാതിയുടെയും വംശത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന ഒരു രാഷ്ട്രീയത്തെയും സ്വീകരിക്കാന്‍ പാടില്ല.

അമേരിക്കയുടെ ഏറ്റവും നല്ല മുഖം ലോകത്തിനു ദൃശ്യമാകണം. അമേരിക്കക്കാരെ ഭീകരരില്‍നിന്നു രക്ഷിക്കുകയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. ഇന്റര്‍നെറ്റ് സമത്വത്തിനായി നില കൊള്ളുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ കുട്ടികള്‍ക്കു കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കണം. ഒറ്റ ദിവസം കൊണ്ട് സംരംഭങ്ങള്‍ തുടങ്ങാവുന്ന നിലയിലേക്ക് വ്യവസായ സാഹചര്യം ഒരുക്കുകയാണു വേണ്ടത്. തൊഴില്‍സുരക്ഷിതത്വം ഉറപ്പാക്കാന്‍ പാര്‍ട്ടികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. മുസ്ലിംകളെ അവഹേളിക്കുന്ന നേതാക്കള്‍ രാഷ്ട്രത്തിന് സുരക്ഷിതത്വം നല്‍കില്ല. ലോകത്തിന്റെ മുന്നില്‍ അത് അമേരിക്കയ്ക്കു ചീത്തപ്പേരായിരിക്കും നല്‍കുക. രാഷ്ട്രീയത്തില്‍ പണാധിപത്യം ഉണ്ടാകരുത്. സാധാരണക്കാരന് അവന്റെ ശബ്ദത്തിന് വിലയില്ലെന്നു തോന്നുപ്പോള്‍ ജനാധിപത്യം തകരുമെന്നും ഒബാമ പറഞ്ഞു.

ലോകത്തെ ഏറ്റവും ശക്തമായ സാമ്പത്തിക വ്യവസ്ഥയാണ് അമേരിക്ക. സ്വകാര്യമേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങളുണ്ടാക്കാനായി. 90 നു ശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലാണ്. തൊഴില്‍രഹിത നിരക്ക് പകുതിയായി കുറഞ്ഞു. വാഹനവ്യവസായ മേഖല എക്കാലത്തെയും മെച്ചപ്പെട്ട നിലയിലായി. ഉല്‍പാദന മേഖലയില്‍ ഒമ്പതു ലക്ഷം പുതിയ ജോലികളാണ് സൃഷ്ടിക്കപ്പെട്ടത്. കമ്മി വലിയതോതില്‍ കുറച്ചുകൊണ്ടുവന്നതാണ് കഴിഞ്ഞ മൂന്നു പാദവര്‍ഷത്തിന്റെ പ്രത്യേകതയെന്നും ഒബാമ പറഞ്ഞു.

സാമൂഹിക സുരക്ഷ, ആരോഗ്യ മേഖലകളാണ് അതിപ്രധാനം. അവയില്‍ പിന്നാക്കം പോകാന്‍ പാടില്ല. കാന്‍സറിന് പ്രതിവിധി കണ്ടെത്താന്‍ അമേരിക്കയ്ക്കു കഴിയണം. അതു ലോകത്തിനു മുഴുവന്‍ നല്‍കണം. താന്‍ പ്രസിഡന്റിന്റെ ഓഫീസ് ഒഴിഞ്ഞുകഴിഞ്ഞാല്‍ ഒരു പൗരനായി അമേരിക്കക്കാരുടെ ഒപ്പമുണ്ടാകുമെന്നു പറഞ്ഞുകൊണ്ടാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

പ്രഥമവനിത മിഷേല്‍ ഒബാമ, വൈസ് പ്രസിഡന്റ് ജോണ്‍ ബൈഡന്‍ എന്നിവരും ഒബാമയുടെ അവസാന പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. രണ്ടാം വട്ടം പ്രസിഡന്റ് പദത്തില്‍നിന്ന് ഒഴിയുന്നതോടെ അടുത്ത തവണ പ്രസിഡന്റാകാന്‍ ഒബാമയ്ക്കു സാധിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News