തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ലാവലിനില്‍ തൂങ്ങി സര്‍ക്കാര്‍; സിബിഐ കോടതി എഫ്‌ഐആര്‍ റദ്ദാക്കിയ കേസില്‍ വിചാരണ ആവശ്യപ്പെട്ട് കക്ഷിയല്ലാത്ത സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവിധ കേസുകളില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും എസ്എന്‍സി ലാവലിന്‍ കേസ് കുത്തിപ്പൊക്കുന്നു. പ്രത്യേക സിബിഐ കോടതി യാതൊരു കഴമ്പുമില്ലെന്നു കണ്ടു എഫ്‌ഐആര്‍ പോലും റദ്ദാക്കിയ കേസിലാണ് കക്ഷിയല്ലാത്ത സംസ്ഥാന സര്‍ക്കാര്‍ വിചാരണ ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെവിട്ടിരുന്നു.

സിബിഐ കോടതിക്ക് എതിരായ റിവ്യൂ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി സമര്‍പ്പിക്കുന്ന ഉപഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഇന്നു നല്‍കും. 2013-ലാണ് ലാവലിന്‍ കേസില്‍ സിബിഐ തയാറാക്കിയ എഫ്‌ഐആര്‍ തെളിവില്ലെന്നു കണ്ടു സിബിഐ കോടതി റദ്ദാക്കിയത്. തെളിവുകള്‍ പലതും പരിഗണിച്ചില്ലെന്നു കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കുക.

കേസ് വിചാരണയ്ക്കു പോലും യോഗ്യമല്ലെന്നു സിബിഐ കോടതി നിരീക്ഷിച്ച കേസിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. സിബിഐയും ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറുമാണ് റിവിഷന്‍ ഹര്‍ജികള്‍ നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here