നാട്ടിലില്ലാത്ത കാലത്തെ പീഡനക്കേസില്‍ പെടുത്തി പൊലീസ് പീഡിപ്പിച്ചു; കൈക്കൂലി വാങ്ങി; നിരന്തരം ഭക്ഷണം വാങ്ങിപ്പിച്ചു; കോടതി വെറുതെവിട്ട യുവാവ് പൊലീസിനെതിരേ നിയമനടപടിക്ക്

തിരുവനന്തപുരം: ബംഗളുരുവില്‍ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ പീഡനക്കേസില്‍ പെടുത്തി പൊലീസ് ഉപദ്രവിച്ച യുവാവിനെ കോടതി വെറുതെവിട്ടു. വന്‍തോതില്‍ കൈക്കൂലി വാങ്ങുകയും നിരന്തരം ഭക്ഷണം വാങ്ങിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കൊല്ലം സ്വദേശിയായ ലിനീഷ്. തന്റെ കാര്‍ ഉപയോഗിച്ചിരുന്ന യുവാവിനെ രക്ഷിക്കാനാണ് പൊലീസ് തന്നെ കേസില്‍ കുടുക്കിയതെന്നും പല തവണയായി കൈക്കൂലി വാങ്ങുകയും ചെയ്‌തെന്നുമാണ് ലിനീഷിന്റെ പരാതി.

2012ല്‍ കൊല്ലം ചാത്തന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നാലു മാസങ്ങള്‍ക്കു ശേഷം മാടന്‍നട സ്വദേശിയായ ലിനീഷിനെ പൊലീസ് കുടുക്കിയത്. ബംഗളുരുവില്‍ ജോലി ആവശ്യാര്‍ഥമായിരുന്നപ്പോള്‍ വീട്ടിലെ കാര്‍ ഉപയോഗിച്ചിരുന്ന യുവാവും ഒരു സ്ത്രീയും തമ്മിലുണ്ടായിരുന്ന പ്രശ്‌നമാണ് കേസായത്. 2012 മേയ് 31 ജൂണ്‍ 4 പീഡനം നടന്നെന്നായിരുന്നു യുവതിയുടെ പരാതി. ഈ ദിവസങ്ങളില്‍ ലിനീഷ് ബംഗളുരുവിലായിരുന്നു. ഫിറോസ് എന്നയാളാണ് കാര്‍ ഉപയോഗിച്ചിരുന്നത്. ഫിറോസ് പിന്നീട് ഗള്‍ഫില്‍ പോയി.

നാട്ടിലെത്തിയ തന്നെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നു ലിനീഷ് കൈരളി ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു. കാറിന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ ലിനീഷിനെതിരെ കേസെടുക്കുമെന്നു വീട്ടിലെത്തിയ ചാത്തന്നൂര്‍ സി ഐയായിരുന്ന അനില്‍കുമാറും എസ്‌ഐയായിരുന്ന അശോകനും ഭീഷണിപ്പെടുത്തി. അമ്പതിനായിരം രൂപ കൈക്കൂലിയും വാങ്ങി. പല തവണയായി തന്നെ വിളിച്ചുവരുത്തി പൊലീസുകാര്‍ ഭക്ഷണം വാങ്ങിപ്പിക്കാറുണ്ടായിരുന്നെന്നും ലിനീഷ് പറയുന്നു. വീണ്ടും കൈക്കൂലി ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നു പറഞ്ഞു സിഐ അനില്‍കുമാര്‍ ചാത്തന്നൂരിലേക്കു വിളിച്ചുവരുത്തി ജംഗ്ഷനില്‍ വച്ചു ലിനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

lineesh

2013 മേയ് പതിമൂന്നിനാണ് 2012 ജൂണിലുണ്ടായെന്നു പൊലീസ് പറയുന്ന സംഭവത്തിന്റെ പേരില്‍ കേസെടുത്തതും ലിനീഷിനെ അറസ്റ്റ് ചെയ്തതും. അറസ്റ്റിലായ ലിനീഷിനെ 44 ദിവസം റിമാന്‍ഡ് ചെയ്തു. ഈ സമയം ലിനീഷിന്റെ പിതാവ് ലിയാഖത്തില്‍നിന്നും പൊലീസ് കൈക്കൂലി വാങ്ങിയിരുന്നു. ലിനീഷിനെ കോടതിയിലെത്തിച്ചപ്പോള്‍ പൊലീസ് ഹാജരാക്കിയ എട്ടു സാക്ഷികളും പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും ലിനീഷിനെ അറിയില്ലെന്നും മൊഴി നല്‍കി. ഇതോടെ കോടതി വെറുതെവിടുകയായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ സിഐ അനില്‍കുമാറിനെയും എസ്‌ഐ അശോകനെയും ശാസിക്കുകയും ചെയ്തു.

lineesh-1

തന്നെ യുവതിയുടെ മുന്നില്‍ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കുകയോ മറ്റു ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാതെയോ ആണ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതെന്നും കൈക്കൂലി നല്‍കാത്തതിന്റെ പ്രതികാരമായിരുന്നു ഇതെന്നുമാണ് ലിനീഷിന്റെ വാദം. പണം പിടുങ്ങാനും സുഖലോലുപസൗകര്യങ്ങള്‍ക്കായും തന്നെ ഭീഷണിപ്പെടുത്തുകയും ജയിലിലടച്ച് ഉപദ്രവിക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരേ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിയമനടപടിക്കൊരുങ്ങുകയാണ് ലിനീഷ് ഇപ്പോള്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കും മനുഷ്യാവകാശകമ്മീഷന്‍, പൊലീസ് കംപ്ലെയിന്റ്‌സ് സെല്‍ എന്നിവയ്ക്കും പരാതി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here