പഠന കോണ്‍ഗ്രസ്സ് കേരള വികസനത്തിനുള്ള ഇടതുപക്ഷ പരിപ്രേക്ഷ്യം; ജനപക്ഷ വികസനത്തിന് സൂക്ഷമതയോടെ തയ്യാറാക്കിയ കര്‍മ്മ പരിപാടി

എകെജി പഠന – ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സ് 2016 ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ടു. 1994, 2005, 2011 വര്‍ഷങ്ങളിലായി നടന്ന മൂന്ന് പഠനകോണ്‍ഗ്രസ്സുകള്‍ കേരളം വിവിധ മേഖലകളില്‍ നേരിടുന്ന വികസന പ്രതിസന്ധികളും സാധ്യതകളും കണക്കിലെടുത്ത് കൊണ്ടുള്ള വികസന പരിപ്രേക്ഷ്യം കേരള സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വിജയിക്കുകയുണ്ടായി.

മാത്രമല്ല വികസന കോണ്‍ഗ്രസ്സുകള്‍ക്ക് ശേഷം അധികാരത്തില്‍ വന്ന ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ വികസനകോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവന്ന പ്രധാനപെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. 1996ലെ ലോക ശ്രദ്ധയാകര്‍ശിച്ച ജനകീയാസൂത്രണവും 2006ലെ ഇടത് മുന്നണി സര്‍ക്കാര്‍ ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കിയ അക്കാദമിക ജനകീയ പദ്ധതികളും അതിനു മുന്‍പായി നടന്ന വികസന കോണ്‍ഗ്രസ്സിലെ നിര്‍ദ്ദേശങ്ങളനുസരിച്ച് നടപ്പിലാക്കിയ പരിപാടികളായിരുന്നു.

Kerala Padana Congress (52)

അക്കാദമിക്ക് വിദഗ്ധരെയും രാഷ്ടീയ സാമൂഹ്യ പ്രവര്‍ത്തകരെയും പുരോഗമന സാംസ്‌കാരിക ജനകീയ ശാസ്ത്ര സംഘടനാ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് കൊണ്ടാണ് ഇതിനു മുന്‍പ് നടന്ന മൂന്ന് കോണ്‍ഗ്രസ്സുകളും സംഘടിപ്പിച്ചത്. ‘പണ്ഡിതന്മാര്‍ ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് പലതും പഠിക്കാന്‍ കഴിയും. അതുപോലെ തന്നെ സാമൂഹ്യ – രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ക്കുന്നവരുടെ പ്രായോഗികാനുഭവങ്ങളില്‍ നിന്നും പണ്ഡിതര്‍മാര്‍ക്കും ചിലതൊക്കെ ഉള്‍കൊള്ളാന്‍ കഴിയും.

ഇത്തരത്തിലുള്ള ആശയവിനിമയം കേരളീയരായ നമുക്ക് വളരെ സഹായകരമാകും. എന്തുകൊണ്ടെന്നാല്‍ സാമൂഹ്യ – സാംസ്‌കാരിക സാമ്പത്തികരാഷ്ട്രീയ ജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് അതിലൂടെ ഉരുത്തിരിഞ്ഞു വരും.’ – ഒന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്ത് സഖാവ് ഇഎംഎസ് പറഞ്ഞു. ഈ സമീപനമാണ് പഠന കോണ്‍ഗ്രസ്സുകളെ പ്രസക്തവും ശ്രദ്ധാര്‍ഹവുമാക്കിയത്.

Kerala Padana Congress (51)

സാമ്പത്തിക പിന്നാക്കാവസ്ഥയിലും സാമൂഹ്യ വികസന സൂചികകളില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നേട്ടങ്ങള്‍ കൈവരിച്ച പ്രദേശമെന്ന നിലയിലാണ് കേരളം ലോകത്തെ സാമൂഹ്യ സാമ്പത്തിക വിദഗ്ധരുടെ ആദരവ് പിടിച്ച് പറ്റിയത്. കേരള വികസന മാതൃകയെന്നും കേരള വികസനാനുഭവമെന്നും വിശേഷിപ്പിക്കപ്പെടാറുള്ള കേരളത്തിന്റെ വികസന നേട്ടങ്ങള്‍ പക്ഷേ 1980കളോടെ ഗുരുതരമായ പ്രതിസന്ധികളെ നേരിട്ട് തുടങ്ങിയിരുന്നു. ദുര്‍ബലമായ സാമ്പത്തിക അടിത്തറയും, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനമേഖലകളുടെ ഗുണനിലവാര തകര്‍ച്ചയും കൃഷി, വ്യവസായം തുടങ്ങിയ വികസന മേഖലകളുടെ മുരടിപ്പും കാലഹരണപ്പെട്ടതും ഒട്ടും ജനപ്രിയമല്ലാത്തതുമായ ഭരണനിര്‍വഹണ സംവിധാനവുമെല്ലാം ചേര്‍ന്ന് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു എന്ന ആശങ്ക പരത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേരളം ഇതിനകം കൈവരിച്ച തുല്യതയിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ സാമൂഹ്യ വളര്‍ച്ചയുടെ നേട്ടങ്ങള്‍ നിലനിര്‍ത്തികൊണ്ട് ദ്രുതഗതിയില്‍ മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്ന ആധുനിക കാലത്തിന് യോജിച്ച വികസന പരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യം കേരള സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമായ വികസന കാഴ്ച്പ്പാട് രൂപീകരിക്കുന്നതിനായി ഒറ്റപ്പെട്ട ചില ചര്‍ച്ചകള്‍ നടന്നതൊഴിച്ചാല്‍ കേരളത്തിലെ അക്കാദമിക്ക് സ്ഥാപനങ്ങളോ സാമൂഹ്യ രാഷ്ടീയ പ്രസ്ഥാനങ്ങളോ സമഗ്രവും മൂര്‍ത്തവുമായ നിര്‍ദ്ദേശങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചതായി കാണുന്നില്ല. ഈ കുറവ് വലിയൊരളവ് വരെ പരിഹരിക്കാന്‍ പഠന കോണ്‍ഗ്രസ്സുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

Kerala Padana Congress (15)

പൊതുവില്‍ പരിശോധിച്ചാല്‍ കേരളം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കുള്ളിലും ഗുരുതരമായ കോട്ടങ്ങള്‍ കാണാന്‍ കഴിയും, അതേസമയം നമ്മുടെ മുന്നിലുള്ള അവസരങ്ങളാവട്ടെ വളരെ വിപുലമാണുതാനും. അവസരങ്ങള്‍ ഉചിതമായി പ്രയോജനപ്പെടുത്തി കോട്ടങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ ഒരു പുതിയ കേരള വികസന മാതൃക നമുക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിയും. അതിലേക്കായി മൂര്‍ത്തമായ കര്‍മ്മ പരിപാടികള്‍ വിവിധ മേഖലകളില്‍ ആവിഷ്‌കരിക്കേണ്ടതാണ്. അതിനുള്ള ശ്രമങ്ങളാണ് പഠന കോണ്‍ഗ്രസ്സുകളില്‍ നടന്നത്.

നാലാം പഠന കോണ്‍ഗ്രസ്സിന്റെ മുന്നൊരുക്കമായി വിവിധ മേഖലകളെ അധികരിച്ച് 20 സെമിനാറുകള്‍ വിവിധ ജില്ലകളിലായി സംഘടിപ്പിച്ചു. ജില്ലാതല സെമിനാറുകളില്‍ അഞ്ഞൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അക്കാദമിക്ക് വിദഗ്ധരും, ഉദ്യോഗസ്ഥന്മാരും, സാമൂഹ്യ രാഷ്ടീയ പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനാളുകള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 പേജുള്ള രേഖ പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.

Kerala Padana Congress (46)

വിവിധ മേഖലകളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്ത് കൂടുതല്‍ സമ്പുഷ്ടമാക്കുന്നതിനായി അന്‍പതോളം സെഷനുകളാണ് വികസന കോണ്‍ഗ്രസ്സില്‍ സംഘടിപ്പിച്ചത്. ഓരോ സെഷനിലും മുന്‍കൂട്ടി നിശ്ചയിച്ച 10 പാനലിസ്റ്റുകള്‍ക്ക് പുറമേ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ആര്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളം എങ്ങിനെ മുന്നോട്ട് പോവണമെന്ന വ്യക്തമായ ദിശാബോധത്തോടുകൂടിയ ജനകീയ വികസന പരിപ്രേക്ഷ്യം ആവിഷ്‌കരിക്കുന്നതില്‍ പഠന കോണ്‍ഗ്രസ്സ് വലിയൊരു പരിധിവരെ വിജയിച്ചിരിക്കയാണ്.

Kerala Padana Congress (3)

സുവ്യക്തമായ വികസന കാഴ്ചപ്പാടുകളോടെയും, ജനകീയമായ ഇടപെടലുകളിലൂടെയും അഴിമതിരഹിതവും സുതാര്യവുമായ ഭരണനിര്‍വഹണം സാക്ഷാത്ക്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പഠനകോണ്‍ഗ്രസില്‍ ക്രോഡീകരിക്കപ്പെട്ടു. വിവിധ മേഖലകളില്‍ കേരളം നേരിടുന്ന വികസന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ കോണ്‍ഗ്രസ്സില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിനായി പണം പ്രശ്‌നമല്ലെന്ന് സമാപന യോഗത്തില്‍ മുന്‍ ധനമന്ത്രിയും പഠന കോണ്‍ഗ്രസ്സിന്റെ മുഖ്യ സംഘാടകനുമായ ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി. വിഭവസമാഹരണത്തിനായി കേരളത്തിലെ സഹകരണ ബാങ്കുകളെ ഏകോപിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് രൂപീകരിക്കാന്‍ കഴിയും. ഇതുവഴി 50,000 കോടിരൂപയുടെ പൊതുനിക്ഷേപം സമാഹരിക്കാന്‍ കഴിയും. നികുതിചോര്‍ച്ച കര്‍ശനമായി തടയും. 40 ശതമാനത്തോളം വരുന്ന ഇപ്പോഴത്തെ നികുതിചോര്‍ച്ച തടഞ്ഞാല്‍ റവന്യൂകമ്മി ഇല്ലാതാക്കാം. അതോടെ റോഡുകളുടെ നിര്‍മാണവും മറ്റ് പശ്ചാത്തല വികസനവും നടത്താന്‍ ഫണ്ട് പ്രശ്‌നമാകില്ല.

ഇകെ നായനാര്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമീഷന്റെ റിപ്പോര്‍ട്ട് ഇച്ഛാശക്തിയോടെ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പഠന കോണ്‍ഗ്രസ്സ് മുന്നോട്ട് വച്ചിട്ടുണ്ട്. ഫയലുകള്‍ സാങ്കേതികക്കുരുക്കില്‍പ്പെടുന്നത് ഇല്ലാതാക്കണം. ജില്ലാ കലക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സെക്രട്ടറിയറ്റിലെ ഒരു അണ്ടര്‍ സെക്രട്ടറി അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന സാങ്കേതികത ആവശ്യമില്ല. വകുപ്പ് തലവന്മാരായ ഐഎഎസുകാര്‍ കാണുന്ന ഫയലുകള്‍പോലും വീണ്ടും സെക്രട്ടറിയറ്റില്‍ കറങ്ങേണ്ട ആവശ്യമുണ്ടാവരുത്.

Kerala Padana Congress (8)

ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കണം. ഇത് നിര്‍വഹണത്തിലൂന്നിയുള്ള രണ്ടാംഘട്ടമാണ്. ജൈവകൃഷി, മാലിന്യ സംസ്‌കരണം എന്നിവ കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി നടപ്പാക്കണം. അധികാരവികേന്ദ്രീകരണം നടപ്പാക്കിയിട്ടും അതിന്റെ ആസൂത്രണത്തിന് ഉദ്യോഗസ്ഥര്‍ ഇല്ല എന്ന ഇന്നത്തെ സ്ഥിതി പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കേണ്ടതാണ്.

ജനങ്ങളെ ദ്രോഹിക്കാതെ, സ്ഥലമേറ്റെടുപ്പില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ റെയില്‍ ഇടനാഴി നടപ്പാക്കാന്‍ ശ്രമിക്കണം. ടൈറ്റാനിയം മെറ്റല്‍ കോംപ്‌ളക്‌സ്, കൊച്ചി – പാലക്കാട് വ്യവസായ ഇടനാഴി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും പഠന കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു. സ്തീ സുരക്ഷ, ആദിവാസിക്ഷേമം, സമഗ്ര ജനകീയാരോഗ്യ – വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങിയവയ്ക്കും പഠന കോണ്‍ഗ്രസ് വ്യക്തമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കിട്ടുണ്ട്.

Kerala Padana Congress (4)

എല്ലാവര്‍ക്കും മിനിമം പെന്‍ഷന്‍ ലഭ്യമാക്കുന്ന സാമൂഹ്യസുരക്ഷയും സംതുലനം ഉറപ്പാക്കുന്നതിന് അത്യാവശ്യമാണ്. കാര്‍ ഒഴിവാക്കി ട്രെയിന്‍, ബസ്, ബോട്ട് ഗതാഗതത്തെ ആശ്രയിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നാണ് ഈ മേഖലയിലെ വിദ്ഗധര്‍ അഭിപ്രായപ്പെട്ടത്. ഇതിനാവശ്യമുള്ള പൊതുഗതാഗത സൗകര്യം വികസിപ്പിക്കണം. അതിവേഗ റെയില്‍ ഇടനാഴിയാണ് ഉത്തമം. ഇതിന്റെ ചെലവ് പരിശോധിച്ചാല്‍ കിലോമീറ്ററിന് 80കോടി രൂപയെങ്കിലും വേണ്ടിവരും. ഇത്രയും രൂപ ചെലവഴിക്കേണ്ടിവരുമോയെന്ന സംശയമുണ്ടാകാം. എന്നാല്‍, സ്റ്റേഷന്‍ മേഖലകളെല്ലാം സാമ്പത്തിക സാമൂഹികമേഖലയായി വികസിക്കും. ചെലവിനേക്കാളുപരി കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് ഇത് വലിയ മാറ്റം സൃഷ്ടിക്കും.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായവില മാത്രമല്ല, പുനരധിവാസവും ഉറപ്പാക്കേണ്ടതാണ്. ഇതിനുള്ള പണം കണ്ടെത്തല്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കള്‍വഴി നടത്താനാകും. കാര്‍ഷികമേഖലയുടെ വികസനത്തിന് സഹകരണസ്ഥാപനങ്ങളുടെ മിച്ചധനം എങ്ങനെ ഉപയോഗിക്കാമെന്ന മാതൃകയും കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ടു.

ഭിന്നലിംഗക്കാരെ മനുഷ്യരായി കണക്കാക്കേണ്ടത് ജനാധിപത്യത്തിന്റെ കടമയാണെന്ന് പഠന കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നു. ട്രാന്‍സ് ജന്‍ഡര്‍ നയം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് മൂന്നാംലിംഗക്കാര്‍ എന്നു വിളിക്കപ്പെടുന്നവരും അവരുടെ പുനരധിവാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഇക്കാര്യം ആവശ്യപ്പെട്ടത്. സംരക്ഷകരാകേണ്ട പൊലീസിന്റെ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കേണ്ടിവരുന്നത്. ഭിന്നലിംഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിയമംമൂലം നിയന്ത്രിക്കണം. തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ഇവര്‍ക്ക് അവസരം നല്‍കണമെന്ന അഭിപ്രായങ്ങളൂം ഉയര്‍ന്നു.

Kerala Padana Congress (33)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന നിയമസംരക്ഷണം ഭിന്നലിംഗക്കാര്‍ക്ക് ലഭിക്കുന്നില്ല. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കക്കൂസുകളിലും ഇവര്‍ക്ക് പ്രവേശനമില്ല. സ്‌കൂളുകളില്‍ അധ്യാപകരും സഹപാഠികളുംപോലും പലവിധത്തില്‍ ഉപദ്രവിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. സ്വവര്‍ഗാനുരാഗികള്‍ക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന പരിഗണന കേരളത്തിലും ലഭിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ടീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.

സെമിനാര്‍ സെഷനുകള്‍ക്ക് സമാന്തരമായി പ്രഗത്ഭരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഇടതുപക്ഷ ബദല്‍, മതനിരപേക്ഷ കേരളം: ചരിത്രപരമായ അന്വേഷണം, മതനിരപേക്ഷതയും വികസനവും, ആഗോളവല്‍ക്കരണ കാലത്തെ തൊഴില്‍ ബന്ധങ്ങള്‍, വര്‍ഗ്ഗീയതക്കെതിരായ സാംസ്‌കാരിക ഐക്യം, കേരള വികസനത്തെ പറ്റിയുള്ള മാറുന്ന പരിപ്രേക്ഷ്യങ്ങള്‍ എന്നീ ആറ് സിമ്പോസിയങ്ങളും ഇന്റര്‍നെറ്റ് നെറ്റ് നിക്ഷ്പക്ഷത, കാലാവസ്ഥാ വ്യതിയാനവും പ്രത്യാഘാതങ്ങളും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ ഫോറങ്ങളും, കുടുംബശ്രീ, അധികാര വികേന്ദ്രീകരണം, സാന്ത്വാന പരിചരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കിടലും പഠന കോണ്‍ഗ്രസ്സിന്റെ മാറ്റ് കൂട്ടിയ പരിപാടികളായിരുന്നു.

Kerala Padana Congress (35)

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റൊ ജനപങ്കാളിത്തത്തിലൂടെ തയ്യാറാക്കുക എന്ന ലക്ഷ്യത്തിലൂടെ 140 അസംബ്‌ളി മണ്ഡലങ്ങളിലും വികസന സെമിനാര്‍ സംഘടിപ്പിച്ച് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവ ക്രോഡീകരിച്ചാകും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുക. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള ഈ നയരേഖയിലൂന്നിയാകും ഭാവികേരള വികസനം. ഇതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ എത്തേണ്ടുന്നതിന്റെ അനിവാര്യതയും പഠനകോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ആഗോള നിക്ഷേപകസംഗമങ്ങള്‍ പോലുള്ള നിരര്‍ഥക മാമാങ്കങ്ങള്‍ കണ്ട കേരളത്തിന് വേറിട്ട അനുഭവമായിരുന്നു ഈ കേരള പഠന കോണ്‍ഗ്രസ്. ഇത്രയധികം അക്കാദമിക്ക് വിദഗ്ദരേയും പൊതുപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊള്ള വികസന സംവാദം മറ്റൊരു സംസ്ഥാനത്തും ഇതുവരെ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. സൂക്ഷമതയോടെ ഗൃഹപാഠം ചെയ്ത് കേരള വികസനത്തിനുള്ള വ്യക്തമായ കര്‍മ്മപരിപാടികള്‍ തയാറാക്കിയാണ് ഇത്തവണ സിപിഐഎം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്നാണ് പഠന കോണ്‍ഗ്രസ്സ് കേരള പൊതു സമൂഹത്തിന് നല്‍കുന്ന സന്ദേശം.

Kerala Padana Congress (45)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News