പത്താന്‍കോട്ട് ഭീകരാക്രമണം; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാകിസ്താനില്‍ പിടിയില്‍; അന്വേഷണത്തിന് പാകിസ്താന്റെ പ്രത്യേകസംഘം ഇന്ത്യയിലേക്ക്

ദില്ലി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാകിസ്താനില്‍ പിടിയിലായി. പാകിസ്താന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താന്‍ നടത്തിവന്ന റെയ്ഡുകളെ തുടര്‍ന്ന് ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി കേന്ദ്രങ്ങള്‍ പാകിസ്താനില്‍ അടച്ചുപൂട്ടി. ഇന്നാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയില്‍ പെട്ട ചിലരെ പാകിസ്താന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്ക് പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

അതേസമയം, കൂടുതല്‍ അന്വേഷണത്തിനായി പത്താന്‍കോട്ടിലേക്ക് പ്രത്യേക അന്വേഷണസംഘത്തെ അയയ്ക്കാന്‍ പാകിസ്താന്‍ ആലോചിക്കുന്നുണ്ട്. പത്താന്‍കോട്ടിലെ ആക്രമണം പാകിസ്താന്റെ അറിവോടെയാണെന്ന ഇന്ത്യയുടെ ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്. ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പാകിസ്താന്‍ ഉറപ്പു നല്‍കിയതായി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. പാകിസ്താനെ അവിശ്വസിക്കേണ്ട കാര്യം ഇപ്പോഴില്ലെന്നും രാജ്‌നാഥ് സിംഗ് നിലപാടെടുത്തിരുന്നു.

ജനുവരി ആദ്യവാരം പത്താന്‍കോട്ടിലെ വ്യോമതാവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരു എന്‍എസ്ജി കമാന്‍ഡോയും ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. രണ്ടുതവണ ആക്രമണമുണ്ടായി. ആക്രമണം നടത്തിയ ആറു ഭീകരരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു. പാക് ചാരസംഘടന ഐഎസ്‌ഐയുടെ സഹായത്തോടെ ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യയുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News