മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ്; തുടരന്വേഷണത്തിനു വേണ്ട പുതിയ തെളിവുകളില്ല; ഫോണ്‍ രേഖകളില്‍ പൊരുത്തക്കേടെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തുടരന്വേഷണം നടത്താന്‍ വേണ്ട പുതിയ തെളിവുകളൊന്നും കേസില്‍ മാണിക്കെതിരെ ലഭ്യമായിട്ടില്ലെന്ന് വിജിലന്‍സ് എസ്പി സുകേശന്‍ കോടതിയില്‍ സമര്‍പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് സമര്‍പിക്കപ്പെട്ട തെളിവുകളായ ഫോണ്‍ രേഖകളില്‍ പൊരുത്തക്കേടുകളുണ്ട്. സാക്ഷിയായ അമ്പിളിയുടെയും പണം നല്‍കിയെന്ന് പറയുന്ന ബാറുടമയുടെയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ മാണിയെ കുറ്റക്കാരനാക്കിക്കൊണ്ടുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാണിക്ക് പണം നല്‍കി എന്നു പറയുമ്പോള്‍ ബാറുടമ ബിനോയ് പൊന്‍കുന്നത്തായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നു പാലായിലേക്ക് ഏതാണ്ട് ഒരു മണിക്കൂര്‍ യാത്രയുണ്ട്. എന്നാല്‍, പണം കൈമാറി എന്നു പറയുന്ന സമയവും ബാറുടമയുടെ മൊബൈല്‍ ഫോണ്‍ ടവറിലെ സമയവും തമ്മില്‍ പൊരുത്തക്കേടുണ്ട്. മാത്രമല്ല, അഞ്ചു മിനിറ്റാണ് അമ്പിളിയും രാജ്കുമാര്‍ ഉണ്ണിയും മൊബൈല്‍ പരിധിയിലുണ്ടായിരുന്നത്. ഈ സമയത്തിനുള്ളില്‍ പണം എടുത്തുകൊണ്ടു വന്നു കൊടുത്തു എന്നു പറയുന്ന മൊഴിയിലും വൈരുദ്ധ്യവും പൊരുത്തക്കേടും ഉണ്ട്. മാത്രമല്ല, കോഴ ആവശ്യപ്പെട്ടതിന് തെളിവായി ബിജു രമേശ് നല്‍കിയ ഫോണ്‍ ശബ്ദരേഖ എഡിറ്റ് ചെയ്തതാണ്. ബാറുടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ സര്‍ക്കാരിനും വിജിലന്‍സിനും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. സീസറെ പോലെ സീസറുടെ ഭാര്യയും സംശയത്തിന് അതീതയാകണം എന്നും കോടതി പരാമര്‍ശിച്ചിരുന്നു. കോടതിയുടെ രൂക്ഷവിമര്‍ശത്തെത്തുടര്‍ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. ഏറെ ആശ്വാസം പകരുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വിജിലന്‍സ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് കേരള കോണ്‍ഗ്രസ് എം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News