ജികെഎസ്എഫ്; രണ്ടരകോടി നല്‍കാനുള്ള വ്യാപാരി വ്യവസായി ഏകോപനസമിതിക്കെതിരായ നിയമനടപടി വൈകുന്നു; അനുമതി നല്‍കാതെ ടൂറിസം സെക്രട്ടറി

കോഴിക്കോട്: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പാര്‍ട്ണറെന്ന നിലയില്‍ രണ്ടരകോടി രൂപ നല്‍കാനുള്ള വ്യാപാരി വ്യവസായി ഏകോപനസമിതിക്കെതിരായ നിയമനടപടി സര്‍ക്കാര്‍ വൈകിക്കുന്നു. 7-ാം സീസണില്‍ സമ്മാനക്കൂപ്പണ്‍ വില്‍പന നടത്തിയ ഇനത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ടൂറിസം വകുപ്പിന് പണം നല്‍കാനുള്ളത്. നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ അധികൃതര്‍ ടൂറിസം സെക്രട്ടറിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏഴാം സീസണിന്റെ ലോജിസ്റ്റിക് പാര്‍ട്ണറായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി. സമ്മാന കൂപ്പണ്‍ വില്‍പനയും രജിസ്‌ട്രേഷന്‍ കാര്യങ്ങളും വ്യാപാരി വ്യവസായി ചെയ്യണമെന്നായിരുന്നു സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍. ഇതുപ്രകാരം രണ്ടേ കാല്‍ കോടി സമ്മാന കൂപ്പണുകളാണ് ഏകോപനസമിതി വില്‍പന നടത്താനായി വാങ്ങിച്ചത്. ഇത്രയും ടിക്കറ്റ് വില്‍പന നടത്തി മൂന്ന് തവണയായി 13.5 കോടി രൂപ സര്‍ക്കാരിന് നല്‍കാനായിരുന്നു കരാര്‍.

ആദ്യഘടുവായി നാലര കോടി രൂപയും പിന്നീട് ആറര കോടി രൂപയും നല്‍കി. എന്നാല്‍ അവശേഷിക്കുന്ന രണ്ടര കോടി രൂപ ഇനിയും ടൂറിസം വകുപ്പിന് നല്‍കിയിട്ടില്ല. ലോജിസ്റ്റിക് പാര്‍ട്ണര്‍ എന്ന നിലയില്‍ നഷ്ടമുണ്ടായി എന്ന കാരണം പറഞ്ഞാണ് വ്യാപാരി വ്യവസായി ഏകോപനസമിതി പണം നല്‍കാതിരുന്നത്. ഇത്രയും വര്‍ഷമായിട്ടും പണം അടക്കാത്തതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിക്കെരായി നിയമനടപടി സ്വീകരിക്കുന്നതിന് അനുമതി തേടിക്കൊണ്ട് കഴിഞ്ഞ ജൂലൈയില്‍ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ അധികൃതര്‍ ടൂറിസം സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ടൂറിസം സെക്രട്ടറി ആറു മാസം കഴിഞ്ഞിട്ടും നിയമനടപടിക്കുള്ള അനുമതി നല്‍കിയിട്ടില്ല. സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥതലത്തിലും ഒരു വിഭാഗം വ്യാപാരി വ്യവസായി ഏകോപനസമിതിയെ സഹായിക്കുന്നുണ്ടെന്ന ആരോപണമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News