അഴിമതിവിമുക്ത- വികസിത കേരളം; പിണറായി വിജയന്റെ നവകേരള യാത്രക്ക് നാളെ തുടക്കം; കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും

കാസര്‍ഗോഡ്: മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം എന്ന സന്ദേശവുമായി സിപിഐഎം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന നവകേരള യാത്രക്ക് നാളെ കാസര്‍കോട് ഉപ്പളയില്‍ തുടക്കമാകും. ഉച്ചതിരിഞ്ഞ് മൂന്നിന് പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ്വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

140 നിയോജകമണ്ഡലങ്ങളിലും പ്രചാരണം നടത്തുന്ന മാര്‍ച്ച് ഫെബ്രുവരി 14ന് തിരുവനന്തപുരത്താണ് സമാപിക്കുക. മാര്‍ച്ചിന്റെ ഭാഗമായി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലകള്‍ സന്ദര്‍ശിക്കും. എന്‍ഡോസള്‍ഫാന്‍ അതീവ പ്രത്യാഘാതം സൃഷ്ടിച്ച നാലു പഞ്ചായത്തുകളാണ് പിണറായി സന്ദര്‍ശിക്കുന്നത്.

140 നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി മാര്‍ച്ച് നേരിട്ട് ആശയവിനിമയം നടത്തും. മാര്‍ച്ചിന്റെ സന്ദേശം വിളംബരം ചെയ്ത് ഏരിയകളില്‍ നടക്കുന്ന പ്രചാരണജാഥകള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ രാഷ്ട്രീയപ്രചാരണവും ജനപക്ഷത്തുനിന്നുള്ള ബദലിനായുള്ള വിപുലമായ അഭിപ്രായ സമാഹരണവും മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം പൊതുപണം കവര്‍ന്നെടുത്തു നടത്തുന്ന അഴിമതിക്കെതിരായ വമ്പിച്ച പ്രചാരണം മാര്‍ച്ച് നടത്തും. ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടംകൊയ്യാന്‍ ലക്ഷ്യമിടുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും ശക്തമായ സന്ദേശം മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News