മൗലാന മസൂദിന്റെ അറസ്റ്റില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ; സെക്രട്ടറിതല ചര്‍ച്ചകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

ദില്ലി: പത്താന്‍കോട് വ്യോമകേന്ദ്ര ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ അറസ്റ്റിലായതിന് സ്ഥിരീകരണമില്ലെന്ന് ഇന്ത്യ. അറസ്റ്റ് സംബന്ധിച്ച് പാകിസ്ഥാനില്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

മൗലാന മസൂദ്, സഹോദരന്‍ റൗഫ് അസ്ഗര്‍ എന്നിവരുള്‍പ്പെടെ നേതാക്കളെ കസ്റ്റഡിയിലെടുത്തതായി പാക് മാധ്യമമായ ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ചാനലിനെ ഉദ്ധരിച്ച് മറ്റു മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മസൂദ് അസര്‍ പിടിയിലായതായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പാക് മന്ത്രി മുഹമ്മദ് സൗബിര്‍ പ്രതികരിച്ചിരുന്നു.

1994ല്‍ കശ്മീരില്‍ വച്ച് മസൂദ് അസറിനെ ഇന്ത്യ പിടികൂടിയിരുന്നു. എന്നാല്‍ തീവ്രവാദികള്‍ കണ്ഡഹാറില്‍ ഇന്ത്യന്‍ വിമാനം റാഞ്ചി വിലപേശി മസൂദ് അസറിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.

അതേസമയം, ഇന്ത്യാ- പാക് സെക്രട്ടറിതല ചര്‍ച്ചകളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. പത്താന്‍കോട്ട് ഭീകരാക്രമണത്തെ സംബന്ധിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിരുന്നു. ചര്‍ച്ച മാറ്റിവയ്ക്കുന്നതിനുള്ള സാധ്യത വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുന്നില്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുദാസ്പൂര്‍ എസ്.പി സല്‍വിന്ദര്‍ സിംഗിനെ എന്‍ഐഎ ഇന്നും ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News