ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്ന് തുറന്നു പറഞ്ഞാല്‍ ഒരുപാടു പേരെ ബാധിക്കുമെന്ന് ദിലീപ്; തകര്‍ച്ചയില്‍ എഴുന്നേറ്റ് നിര്‍ത്തിയത് ‘അച്ഛന്റെ കൂടെ ഞാനു’ണ്ടെന്ന് മീനാക്ഷിയുടെ വാക്കുകള്‍

ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്ന് താന്‍ തുറന്നു പറഞ്ഞാല്‍ അത് ഒരുപാടു പേരെ ബാധിക്കുമെന്ന് നടന്‍ ദിലീപ്. താന്‍ ജീവിതത്തില്‍ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും ആരെയും വേദനിപ്പിക്കാനായി ഒരു വാക്ക്‌പോലും എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് ഗൃഹലക്ഷമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് വേണമെങ്കില്‍ സംസാരിക്കാം. ഞാന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാവും. അത് ഒരുപാടു പേരെ ബാധിക്കും. അതുകൊണ്ട് ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ജീവിതത്തില്‍ തകര്‍ന്നുപോയ സമയത്ത് മകളുടെ വാക്കുകളാണ് എഴുന്നേറ്റ് നില്‍ക്കാന്‍ സഹായിച്ചത്. അച്ഛന്‍ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളു, അച്ഛന്റെ കൂടെ ഞാനുണ്ട്.. ആ വാക്ക് അത് വീണു പോയ എന്നെ എഴുന്നേറ്റു നിര്‍ത്തിച്ചു. തകര്‍ന്നു പോവുന്ന ഒരുത്തന് ദൈവം പറയുന്ന പോലെയാ അത്. അവള്‍ക്ക് 15 വയസായി. ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എന്റെ കൂടെ സിനിമയില്‍ പല ഹീറോയിന്‍സും വന്ന പ്രായമാ അത്. അവളെ ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. എല്ലാ തിരിച്ചറിവുകളും നേര്‍ക്കാഴ്ചകളും മുന്നിലുള്ളപ്പോള്‍. അതുകൊണ്ട് ജീവിതത്തില്‍ ഏറ്റവും വലിയൊരു കടപ്പാട് മകളാണെങ്കിലും അവളോടാണ്. ഇനിയങ്ങോട്ട് തന്റെ ജീവിതം അവള്‍ക്കുവേണ്ടിയാണ് ‘-ദിലീപ് പറയുന്നു.

താനനുഭവിച്ചയത്ര താഴ്ച്ചയും ഉയര്‍ച്ചയുമൊന്നും ആരു അനുഭവിച്ചു കാണില്ലെന്നും ഒരിക്കല്‍ ഇതൊക്കെ തിരിഞ്ഞ് ഒരു വരവുണ്ടെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ദിലീപ് പറയുന്നു.

അമ്മയുടെ സിനിമ നിര്‍മ്മിക്കാനുള്ള ധൈര്യം കിട്ടിയത് ആ സംഘടനയോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ്. പ്രതിസന്ധിഘട്ടത്തില്‍ അമ്മ ഒപ്പം നിന്നിട്ടുണ്ട്. അന്ന് ആറു കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്. അത് വിജയിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതസമ്പാദ്യങ്ങള്‍ മുഴുവന്‍ തീരുമായിരുന്നു. പത്തുരൂപ വരുമാനമുണ്ടെങ്കില്‍ 20 രൂപയുടെ ചെലവുകളുമുണ്ട്. അച്ഛന്റെ പേരില്‍ നടത്തുന്ന ട്രസ്റ്റിലേക്ക് എന്റെ വരുമാനം പോരാതെ വന്നതോടെ ഇപ്പോ പുറത്തുനിന്നും സംഭാവനകള്‍ സ്വീകരിച്ചുതുടങ്ങിയെന്നും ദിലീപ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News