സാനിയ-ഹിന്‍ഗിസ് സഖ്യത്തിന് ലോക റെക്കോര്‍ഡ്; തുടര്‍ച്ചയായി 29 ജയങ്ങള്‍; സിഡ്‌നി ഓപ്പണില്‍ സാനിയ സഖ്യം ഫൈനലില്‍

സിഡ്‌നി: സിഡ്‌നി ഓപ്പണ്‍ ടെന്നീസ് സെമിഫൈനലിലെ ജയത്തോടെ 22 വര്‍ഷം പഴക്കമുള്ള ലോകറെക്കോര്‍ഡ് പഴങ്കഥയാക്കി സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ടെന്നീസ് ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡാണ് സാനിയ-ഹിന്‍ഗിസ് സഖ്യം തിരുത്തിക്കുറിച്ചത്. സാനിയ-ഹിന്‍ഗിസ് സഖ്യം സിഡ്‌നി ഓപ്പണ്‍ ഫൈനലില്‍ കടന്നു. റൊമാനിയയുടെ റലൂക ഒലാരു-കസാക്കിസ്ഥാന്റെ യാരോസ്ലാവ ഷ്വെദോവ സഖ്യത്തെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സാനിയ സഖ്യം ഫൈനലില്‍ കടന്നത്. സ്‌കോര്‍ 4-6, 6-3, 10-8.

പ്യൂര്‍ട്ടോറിക്കയുടെ ജിജി ഫെര്‍ണാണ്ടസ്-ബെലാറസിന്റെ നതാഷ സ്വെരേവ സഖ്യം 22 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്ന് പഴങ്കഥയാക്കിയത്. 1994-ല്‍ ജിജി-നതാഷ സഖ്യം തുടര്‍ച്ചയായി 28 ജയങ്ങള്‍ കുറിച്ചിരുന്നു. ഇന്നലെ സിഡ്‌നി ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാങ്-ഷുവായ് പെങ് സഖ്യത്തെ തോല്‍പിച്ച് സെമിഫൈനലില്‍ കടന്ന സാനിയയും ഹിന്‍ഗിസും ജിജി-നതാഷ സഖ്യത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ ഒരു സെറ്റിന് പിന്നിട്ടു നിന്ന ശേഷമാണ് സാനിയ-ഹിന്‍ഗിസ് സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തിയത്.

2015-ല്‍ തുടര്‍ച്ചയായ ജയങ്ങളോടെ 9 കിരീടങ്ങളാണ് സാനിയയും ഹിന്‍ഗിസും നേടിയത്. ഇതില്‍ വിംബിള്‍ഡണ്‍ കിരീടവും യുഎസ് ഓപ്പണ്‍ കിരീടവും ഉള്‍പ്പെടുന്നു. സിഡ്‌നി ഓപ്പണില്‍ ഈവര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാം കിരീടമാണ് സാനിയ-ഹിന്‍ഗിസ് സഖ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണല്‍ കിരീടവും സാനിയ-ഹിന്‍ഗിസ് സഖ്യം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News