ഇന്ത്യ-പാക് ചര്‍ച്ചയുടെ ദിവസം മാറ്റിയത് പരസ്പര ധാരണയോടെ; പാക് നടപടി സ്വാഗതാര്‍ഹമെന്നും വികാസ് സ്വരൂപ്; പാക് എയര്‍ലൈന്‍സിന്റെ ദില്ലി ഓഫീസിനു നേരെ ആക്രമണം

ദില്ലി: ഇന്ത്യാ -പാക് സെക്രട്ടറി തല ചര്‍ച്ച മാറ്റിയത് പരസ്പര ധാരണയിലെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തതായി വിവരമില്ലെന്നും അതേസമയം, പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും വികാസ് സ്വരൂപ് പറഞ്ഞു. അതിനിടെ, പാകിസ്താന്‍ വിമാനക്കമ്പനിയായ പാക് എയര്‍ലൈന്‍സിന്റെ ദില്ലിയിലെ ഓഫീസിനു നേര്‍ക്ക് ആക്രമണമുണ്ടായി.

ചര്‍ച്ചകള്‍ ഉപേക്ഷിച്ചിട്ടില്ല. മറ്റൊരു തീയതിലേക്കു മാറ്റുകയാണ് ചെയ്തത്. പാകിസ്താനില്‍ന്നുള്ള അന്വേഷണസംഘം ഇന്ത്യയിലെത്താന്‍ കാത്തിരിക്കുകയാണ്. പാകിസ്താന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവ നല്‍കാന്‍ ഇന്ത്യക്കു കഴിയും. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നടത്തിയെന്നു പറയുന്ന കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നും വികാസ് സ്വരൂപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈകിട്ട് നാലോടെയാണ് ബറക്കംബ റോഡിലുള്ള പാക് എയര്‍ലൈന്‍സിന്റെ ഓഫീസ് ഒരു സംഘം ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഓഫീസിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ പാക് വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. പാകിസ്താന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുന്നു എന്നാരോപിച്ചാണ് ഹിന്ദു സേനയുടെ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here