വിവാദങ്ങള്‍ ഒടുങ്ങാതെ ഷാര്‍ളി എബ്ദോ; അയ്‌ലന്‍ കുര്‍ദിയെ ലൈംഗികാതിക്രമം നടത്തുന്നവനായി പരിഹസിച്ച് മാസികയില്‍ കാര്‍ട്ടൂണ്‍

പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ ഫ്രഞ്ച് മാസിക ഷാര്‍ളി എബ്ദോ വീണ്ടും വിവാദങ്ങളില്‍. തുര്‍ക്കി തീരത്തു മുങ്ങിമരിച്ച സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍ അയ്‌ലന്‍ കുര്‍ദിയെ ലൈംഗികാതിക്രമം നടത്തുന്നവനായി ചിത്രീകരിച്ച് ഷാര്‍ളി എബ്ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെ പ്രതിഷേധം ശക്തമായി. പുതുവത്സര ദിനത്തില്‍ ജര്‍മ്മനിയിലെ അഭയാര്‍ത്ഥികള്‍ നടത്തിയെന്ന് പറയപ്പെടുന്ന ലൈംഗിക അതിക്രമങ്ങളുടെ ചുവടു പിടിച്ചുള്ളതാണ് കാര്‍ട്ടൂണ്‍. മരിച്ചിരുന്നില്ലെങ്കില്‍ ലൈംഗികാതിക്രമം നടത്തുന്നവനായി അയ്‌ലന്‍ കുര്‍ദിയും മാറിയേനെ എന്നു ആശയം വരുന്ന രീതിയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

അഭയാര്‍ത്ഥികള്‍ എന്ന തലക്കെട്ടിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. കാര്‍ട്ടൂണ്‍ ഇങ്ങനെ. കാമാസക്തരായ പന്നികളെ പോലെ തോന്നിക്കുന്ന രണ്ട് ആണുങ്ങള്‍, നാക്കുനീട്ടി, ഭയന്നു നിലവിളിച്ചു കൊണ്ടോടുന്ന സ്ത്രീകളെ പിന്തുടരുന്നതാണ് കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിന്റെ ഇന്‍സേര്‍ട്ടില്‍ മുങ്ങിമരിച്ച അയ്‌ലന്‍ കുര്‍ദിയുടെ കാരിക്കേച്ചറും വരച്ചിട്ടുണ്ട്. എന്നിട്ട് അയ്‌ലന്‍ ജീവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യവും കുറിച്ചിട്ടുണ്ട്. ജര്‍മനിയില്‍ സംഭവിച്ചതു പോലെ ആവില്ലായിരുന്നോ എന്നും കാര്‍ട്ടൂണിന്റെ താഴെ കുറിച്ചിട്ടുണ്ട്. എല്ലാ അഭയാര്‍ത്ഥികളും വളര്‍ന്നാല്‍ ഇങ്ങനെ തന്നെയാകും എന്നും കാര്‍ട്ടൂണില്‍ സൂചന നല്‍കുന്നു.

വംശീയ വിദ്വേഷം ജനിപ്പിക്കുന്നതാണ് കാര്‍ട്ടൂണെന്നാണ് എതിരായി ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളിലും ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി എബ്ദോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഷാര്‍ളി എബ്ദോ മാസിക ഐലാന്‍ കുര്‍ദിയെ കാര്‍ട്ടൂണുകള്‍ക്ക് വിഷയമാക്കുന്നത് ഇതാദ്യമല്ല. എന്നാല്‍, കാര്‍ട്ടൂണിനെ ആക്ഷേപഹാസ്യമായി മാത്രം കണ്ടാല്‍ മതിയെന്നാണ് ചിലര്‍ അനുകൂല നിലപാടെടുത്തത്.

നേരത്തെ, മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഷാര്‍ളി എബ്ദോയുടെ പാരിസിലെ ഓഫിസ ഭീകരര്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ ഷാര്‍ളി എബ്ദോ മാസികയില്‍ പ്രവര്‍ത്തിച്ചുവന്ന 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു ഷാര്‍ളി എബ്ദോയ്‌ക്കെതിരായ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here