തിരുവനന്തപുരം: ലാവലിന്‍ കേസ് ചീറ്റിപ്പോയ കാര്യമാണെന്നും ഇനിയത് ആരു വിചാരിച്ചാലും കത്തിക്കാന്‍ കഴിയില്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ലാവലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നീക്കവുമായി വന്നതിനെക്കുറിച്ചു പ്രത്യേക അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍ നയിക്കുന്ന ‘നവകേരള മാര്‍ച്ച്’ കാസര്‍ഗോട്ടുനിന്ന് ആരംഭിക്കുന്നതിനു മുന്നോടിയായായിരുന്നു അഭിമുഖം. ലാവ്‌ലിനില്‍ തുടങ്ങി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കി. പ്രസക്ത ഭാഗങ്ങളില്‍ നിന്ന്:
നവകേരള മാര്‍ച്ചിന്റെ ലക്ഷ്യം
നമ്മുടെ സംസ്ഥാനത്ത് മത നിരപേക്ഷതയ്ക്ക് വലിയ ആപത്തുണ്ടാക്കാന്‍ തീവ്രമായ ശ്രമം നടക്കുകയാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നത് ഏറ്റവും പ്രധാനമായി തന്നെ കേരളീയ സമൂഹം കാണേണ്ടതുണ്ട്. അതുപോലെ തന്നെ നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. അത് യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ജനങ്ങളുടെ താല്‍പര്യങ്ങളേയും നാടിനേയും അതു പിന്നോട്ടടിച്ചു. ഒപ്പം തന്നെ കേരളത്തിലാണെന്നു പറയുന്നതുപോലും അപമാനകരമായി തോന്നുംവിധം ആ രീതിയിലുള്ള അഴിമതിയുടെ നാടായി കേരളത്തെ യു.ഡി.എഫ് മാറ്റിയിരിക്കുന്നു. അതുകൊണ്ടാണ് ജാഥയുടെ പ്രധാന മുദ്രാവാക്യമായി തന്നെ മതനിരപേക്ഷ അഴിമതി വിമുക്ത വികസിത കേരളം എന്ന് ഉയര്‍ത്തിക്കാട്ടുന്നത്.
ജാഥയുടെ തലേദിവസംതന്നെ ലാവ്‌ലിന്‍ വിഷയവുമായി സര്‍ക്കാര്‍ രംഗത്തുവന്നല്ലോ
തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഒരു പ്രചാരണം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിന്റെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. 2006 മുതല്‍ ഇതിന്റെ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിന്റെയെല്ലാം കാലം കഴിഞ്ഞുപോയി. കോടതിയുടെ പരിശോധനയും തീരുമാനവും വന്ന കാര്യമാണ്.
അഴിമതിയടക്കം നിരവധി വിവാദങ്ങള്‍ യു.ഡി.എഫിനെ വേട്ടയാടിയെങ്കിലും പ്രതിപക്ഷം അത് പ്രയോജനപ്പെടുത്തിയോ
ഉപജാപത്തിലൂടെ മന്ത്രിസഭയെ ഇറക്കുന്നത്് ഒരു അജണ്ടയായി ഞങ്ങള്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കുകയെന്ന ജനാധിപത്യ മര്യാദയാണ് കാട്ടിയത്.
വികസന കാര്യത്തില്‍ പഠന കോണ്‍ഗ്രസില്‍മുന്നോട്ടുവച്ച പല നിര്‍ദ്ദേശങ്ങളും സി.പി.എം മുമ്പുയര്‍ത്തിപ്പിടിച്ച നയത്തിന്റെ വ്യതിയാനമാണെന്ന് വിമര്‍ശനമുണ്ട്
ഒരു നയ വ്യതിയാനവുമില്ല. ഇടതുപക്ഷം മുമ്പു പറഞ്ഞ കാര്യങ്ങള്‍ തന്നെയാണെല്ലാം. ഞങ്ങള്‍ ഒരിക്കലും വികസനത്തിന് എതിരായിരുന്നില്ല. അങ്ങനെയാണെന്നത് യു.ഡി.എഫിന്റെ പ്രചാരണം മാത്രമായിരുന്നു. വികസന കാര്യങ്ങളില്‍ ഞങ്ങള്‍ക്കുള്ള നിലപാട് ക്രോഡീകരിച്ചു പറഞ്ഞുവെന്നേയുള്ളൂ. നയപരമായി ഒരു വ്യതിയാനവും ഇതില്‍ സംഭവിച്ചിട്ടില്ല.
സ്വകാര്യ നിക്ഷേപങ്ങളുടെ കാര്യത്തിലോ
സ്വകാര്യ നിക്ഷേപകര്‍ നമ്മുടെ നാട്ടില്‍വേണ്ടെന്ന ഒരു നിലപാടില്ല. സ്വകാര്യ നിക്ഷേപം നാടിന്റെ താത്പര്യം ബലികഴിച്ചുകൊണ്ടാകരുത്. ഇതാണ് എല്ലാ കാലത്തും സി.പി.എം സ്വീകരിച്ചിട്ടുള്ള നിലപാട്.
കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. എല്‍.ഡി.എഫ് വികസിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ
എല്‍.ഡി.എഫിന്റെ വികസനം ഞങ്ങളെ ആശ്രയിച്ചു മാത്രം നില്‍ക്കുന്ന കാര്യമല്ല.ഇപ്പോള്‍ യു.ഡി.എഫിന്റെയകത്ത് എല്‍.ഡി.എഫിനോടൊപ്പം വരേണ്ട ചില കക്ഷികള്‍ നില്‍ക്കുന്നുണ്ട്. യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. അവര്‍ ശിഥിലമാകാന്‍ തന്നെയാണ് സാധ്യത. എല്‍.ഡി.എഫിനോടൊപ്പം സഹകരിക്കേണ്ട കക്ഷികള്‍ രാഷ്ട്രീയമായി തീരുമാനം ആദ്യമെടുക്കേണ്ടതായിട്ടുണ്ട്. എങ്കില്‍ മാത്രമേ ഞങ്ങളുടെ നിലപാടെന്തെന്ന പ്രശ്‌നം വരുന്നുള്ളൂ. അത് ഇതേവരെ ആ കക്ഷികള്‍ എടുത്തിട്ടില്ല.അവര്‍ അങ്ങനെ ഒരു തീരുമാനമെടുത്തിട്ട് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറായാല്‍ അത്തരം കക്ഷികളെയെല്ലാം സഹകരിപ്പിക്കണമെന്നു തന്നെയാണ് എല്‍.ഡി.എഫിന്റെ നിലപാട്.
ആര്‍.എസ്.പി ജനതാദള്‍ കക്ഷികളെ ഇനിയും പിളര്‍ത്തി ഒരുഭാഗത്തെ അടര്‍ത്തിയെടുക്കാനാണോ നോക്കുന്നത്
ഞങ്ങള്‍ ആരെയും അടര്‍ത്താനോ പിളര്‍ത്താനോ ഇല്ല. അവര്‍ രാഷ്ട്രീയമായി തീരുമാനിച്ച് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറായാല്‍ ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കും. രാഷ്ട്രീയമായി ഒരു നിലപാട് ഒരു പാര്‍ട്ടിയെടുക്കാന്‍ പോകുന്നുവെന്ന് കാണുമ്പോള്‍, ആ പാര്‍ട്ടിയെ പിളര്‍ത്തി ഒരു ഭാഗത്തെ തങ്ങളുടെ കൂടെ നിറുത്തുക എന്നത് യു.ഡി.എഫിന്റെ അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ അജണ്ടയാണ്. ഞങ്ങള്‍ക്കാ അജണ്ടയില്ല.
ബാലകൃഷ്ണപിള്ളയുടെയും പി.സി. ജോര്‍ജിന്റെയും പാര്‍ട്ടിയോടുള്ള സമീപനത്തില്‍ എന്തെങ്കിലും തീരുമാനമായിട്ടുണ്ടോ
ഒരു തീരുമാനവും ഇപ്പോള്‍ ആയിട്ടില്ല.
യു.ഡി.എഫില്‍ നിന്ന് അഴിമതി കാണിച്ചവര്‍ അവിടെ നിന്ന് പുറത്താകുന്ന ഘട്ടം വരുമ്പോള്‍ യു.ഡി.എഫിനെ തള്ളിപ്പറയുന്നുവെന്ന കാരണത്താല്‍ എല്‍.ഡി.എഫിലെടുക്കുന്നത് ശരിയാണോ
അഴിമതിയുടെ കാര്യമാണെങ്കില്‍, ഞങ്ങള്‍ എല്ലാക്കാലത്തും അഴിമതിക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും സ്വീകരിക്കാറില്ല. യു.ഡി.എഫിനകത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അഴിമതിയുമായി മാത്രം ബന്ധപ്പെട്ട് ഉണ്ടാകുന്നതല്ല. മറ്റനേകം പ്രശ്‌നങ്ങളില്‍ യു.ഡി.എഫിനകത്ത് തര്‍ക്കങ്ങളുണ്ടാകുന്നുണ്ട്. ചിലര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു. നാട്ടില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളില്‍ എല്‍.ഡി.എഫിനോടൊപ്പം സഹകരിക്കാന്‍ തയ്യാറായി വരുന്നവരെ ചില കാര്യങ്ങളില്‍ സഹകരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറായിട്ടുണ്ട്.
ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലും ആ ഒരു നിലപാടാണോ
ബാലകൃഷ്ണ പിള്ളയുടെപാര്‍ട്ടിയുടെ സ്ഥിതി പരിശോധിച്ചാല്‍ എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പലതിലും ഇതിനകം സഹകരിച്ചിട്ടുണ്ട്. എല്‍.ഡി.എഫിനകത്ത് ഉള്‍പ്പെടുത്തേണ്ട പ്രശ്‌നം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സഹകരണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോടുള്ള സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടോ
മാണി ഗ്രൂപ്പിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ മാറ്റത്തിന്റെ പ്രശ്‌നം ഇപ്പോള്‍ ഉദിക്കുന്നില്ലല്ലോ.
ലീഗ് മുസ്ലിം സമുദായത്തിലെ വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതായി താങ്കള്‍ പറയുകയുണ്ടായി
അത് പറഞ്ഞത് ഒരു ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് .അതിനു കാരണം ഭൂരിപക്ഷ വര്‍ഗീയതയ്ക്കായി ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നു. ആര്‍.എസ്.എസ് ആണ് ഇന്നേറ്റവും വലിയ വര്‍ഗീയ ശക്തി. എന്നാല്‍ ആര്‍.എസ്.എസിന്റെ നേരെ മറുപതിപ്പായാണ് ന്യൂനപക്ഷ വിഭാഗത്തില്‍, പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തില്‍ എസ്.ഡി.പി.ഐയെപ്പോലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്.ആര്‍.എസ്.എസിനെപ്പോലെതന്നെ എസ്.ഡി.പി.ഐയേയും എതിര്‍ക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളിം ലീഗിനെപ്പോലുള്ള പാര്‍ട്ടിക്ക് പ്രത്യേക ചുമതലയുണ്ട്. ഈ അടുത്ത കാലത്തായി എസ്.ഡി.പി.ഐയും മറ്റും ഉയര്‍ത്തുന്ന വര്‍ഗീയ നിലപാടുകളെ എതിര്‍ക്കാന്‍ മുസ്‌ളിം ലീഗ് തയ്യാറായി. അതിനെതിരെ അവര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. ആ പശ്ചാത്തലത്തിലാണ് അത് സ്വാഗതാര്‍ഹമാണെന്ന് പറയാനിടയായത്.
ലീഗ് അധികാരത്തില്‍ വരുമ്പോഴെല്ലാം അവരുടെ മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ സമുദായ പ്രീണനം നടത്തുന്നതായി ആക്ഷേപമുണ്ട്
വകുപ്പുകളുടെ കാര്യമെടുത്താല്‍ അത് പ്രത്യേകമായി പരിശോധിക്കേണ്ട കാര്യമാണ്. അതില്‍ അങ്ങേയറ്റം അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവേ യു.ഡി.എഫിന്റെ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതിലേറ്റവും വലിയ അവമതിപ്പിനിരയായ ചില വകുപ്പുകളാണ് ലീഗിന്റെനേതാക്കള്‍ കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്തെ തീരുമാനങ്ങള്‍ നമ്മുടെ സമൂഹത്തിലെ എല്ലാ കുടുംബങ്ങളെയും ബാധിക്കുന്നതാണ്. ആ മേഖലയെ തികച്ചും തകര്‍ത്തുകളയുന്ന തരത്തിലുള്ള സമീപനമാണ് ബന്ധപ്പെട്ട മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അല്ലെന്നും പറയുന്നു
മുസ്‌ളിം വിഭാഗത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയതയെ എതിര്‍ക്കുന്ന ലീഗിന്റെ നിലപാടിനെ എല്ലാ അര്‍ത്ഥത്തിലും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത് വര്‍ഗീയതയ്‌ക്കെതിരായ ഒരു നീക്കമായിട്ടാണ് കാണേണ്ടത്. അതിന്റെ അര്‍ത്ഥം മറ്റേതെങ്കിലും തരത്തില്‍ ദുര്‍വ്യാഖ്യാനിക്കേണ്ടതില്ല.
എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ന്യൂനപക്ഷ പ്രീണനമാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് വഴി തെളിക്കുന്നതെന്ന ആക്ഷേപമുണ്ട്
അത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ന്യൂനപക്ഷ പ്രീണനമെന്നത് ആര്‍.എസ്.എസിന്റെ ഒരു പദപ്രയോഗമാണ്. അത് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതിനെതിരെയുള്ള അസഹിഷ്ണുതയാണ്. മത നിരപേക്ഷ നിലപാട് എപ്പോഴൊക്കെ വന്‍തോതില്‍ ഉയര്‍ത്തേണ്ടിവരുന്നോ ആ ഘട്ടത്തിലെല്ലാം ഈ വിമര്‍ശനം ഉയരാറുണ്ട്. കപട മതനിരപേക്ഷതയെന്ന പുതിയൊരു വാദം ബി.ജെ.പിക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അത് മതനിരപേക്ഷ ചിന്താഗതിക്കാരെ ആക്ഷേപിക്കാന്‍വേണ്ടി ഉപയോഗിച്ച ഒരു പദപ്രയോഗമായിരുന്നു.പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയില്‍ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഭരണഘടനയിലുള്ള മതനിരപേക്ഷതയോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്നും അത് എടുത്തുകളയണമെന്നും പറഞ്ഞു.കാര്യങ്ങള്‍ അതില്‍ നിന്ന് വ്യക്തമാണ്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വിയോജിക്കുന്നവരില്‍ ചിലര്‍ പോലും അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ടെന്ന് ചിന്തിക്കുന്നു. എന്താണ് ഈ തോന്നലിന് കാരണം
കേരളത്തില്‍ അടുത്തകാലത്ത് വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഇത്തരത്തില്‍ ഒരു തോന്നലല്ല ഉണ്ടായിട്ടുള്ളത്. കേരളത്തിന്റെ ഒരു പൊതുമനസ് രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച മഹാഗുരുവാണ് ശ്രീനാരായണഗുരു. ശ്രീനാരായണ ദര്‍ശനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ എടുത്തിട്ടുള്ളതെന്നാണ് പൊതുവെ സമൂഹത്തിന്റെ ധാരണ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്ന നിര പൊതുവെ ജനവിഭാഗങ്ങളിലുണ്ടായിട്ടുണ്ട്.അത് നാടിന്റെയാകെ വികാരമായി മാറിയിട്ടുണ്ട്.
കേരളം വികസനത്തിന് പഠനകോണ്‍ഗ്രസില്‍ വ്യത്യസ്തമായ വാദമുഖങ്ങള്‍ താങ്കള്‍ മുന്നോട്ടുവച്ചു. അതിനുള്ള പിന്തുണ കേരളം നല്‍കിയാല്‍ നടപ്പിലാക്കുന്നതിന്റെ നേതൃത്വം താങ്കള്‍ ഏറ്റെടുക്കുമോ
ഇത് ഒരു വ്യക്തിപരമായ നിലപാടല്ല. ഞങ്ങളുടെ പാര്‍ട്ടി രൂപീകരിക്കുന്ന നയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഠന കോണ്‍ഗ്രസാണ്. അതില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ കൈകാര്യം ചെയ്യുന്നവിവിധ വിഷയങ്ങളെക്കുറിച്ച് ഒന്നു ഉറക്കേ ചിന്തിച്ചുവെന്ന് മാത്രമേയുള്ളു. അതിന് ഏതെങ്കിലും തരത്തിലൊരു പുതിയ മാനം കല്പിക്കേണ്ടതായിട്ടില്ല.
മദ്യനയത്തില്‍ സി.പി.എമ്മിന്റെ നിലപാടെന്താണ്
മദ്യനയം ഗവണ്‍മെന്റിന്റെ നയമാണ്. ഓരോ വര്‍ഷത്തേയും മദ്യനയം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഞങ്ങളുടെ നിലപാട് പറയാറുണ്ട്.മദ്യത്തെക്കുറിച്ചാണെങ്കില്‍ മദ്യവര്‍ജ്ജനമാണ് ഞങ്ങളുടെ നയം.
മദ്യനിരോധനത്തിനല്ല ഞങ്ങള്‍ നില്‍ക്കുന്നത്.
സി.പി.എമ്മിനെ വരുന്ന തിരഞ്ഞെടുപ്പില്‍ ആരാകും നയിക്കുകയെന്നതിനെക്കുറിച്ച് ഇപ്പോഴെ വിവാദം ഉയരുന്നുണ്ട്
വിവാദത്തിന് ഒരു പ്രസക്തിയുമില്ല. തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കുകയെന്നുപോലും തീരുമാനിച്ചിട്ടില്ല.
വി.എസിനെ പ്രകീര്‍ത്തിക്കുന്നതില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മത്സരബുദ്ധി കാട്ടുന്നുണ്ടോ
ജനറല്‍ സെക്രട്ടറി പറയുന്നതില്‍ എന്താണ് അപാകത. ഒരു അപാകതയുമില്ല. അത് കേരളം പൊതുവില്‍ കാണുന്ന ഒരു കാര്യമാണ്. ഈ പ്രായമുള്ള ഒരു രാഷ്ട്രീയ നേതാവ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അതാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്.
ജനറല്‍ സെക്രട്ടറിയാകുന്നതിനെ ആദ്യം പിന്തുണയ്ക്കാതിരുന്നവര്‍ക്കൊരു പാരയായിക്കോട്ടെയെന്ന അര്‍ത്ഥമുണ്ടോ
ജനറല്‍ സെക്രട്ടറിയെ ഞങ്ങള്‍ ഏകകണ്ഠമായിട്ടാണ് തിരഞ്ഞെടുത്തത്. ഒരു തരത്തിലുള്ള അഭിപ്രായഭിന്നതയും അക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
വി.എസിനെ ഉള്‍ക്കൊള്ളുന്നതില്‍ താങ്കള്‍ വേണ്ടത്ര സഹിഷ്ണുത കാട്ടുന്നില്ലെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്
പാര്‍ട്ടി വിരുദ്ധര്‍ മാത്രമേ അങ്ങനെ പറയുകയുള്ളു. വി.എസ് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്.
പൊതുവേ സമൂഹത്തിന്റെ കൈയടി നേടുംവിധം പ്രതികരിക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ശ്രമിക്കാറുള്ളത്.പക്ഷേ താങ്കള്‍ അങ്ങനെയൊന്നും നോക്കാറില്ലല്ലോ
അവതരിപ്പിക്കേണ്ടകാര്യങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുകയെന്ന നിലപാടാണ് എപ്പോഴും സ്വീകരിക്കാറുള്ളത്.
ഇപ്പോള്‍ താങ്കളുടെ ശരീരഭാഷയില്‍ പോലും മാറ്റങ്ങള്‍ വന്നുവെന്ന് ദൃശ്യമാദ്ധ്യമങ്ങള്‍ പറയുന്നു
ശരീരത്തിന് എന്തെങ്കിലും മാറ്റം വന്നോയെന്ന് എനിക്കറിയില്ല. അല്പം ക്ഷീണിച്ചിട്ടുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്.
ജാഥ തിരുവനന്തപുരത്തു വരുമ്പോള്‍ യു.ഡി.എഫിന് എന്ത് സംഭവിക്കും
യു.ഡി.എഫിന് ശൈഥില്യം സംഭവിക്കുമെന്ന കാര്യം ഉറപ്പാണ്.
ഭരണതുടര്‍ച്ചയാണ് യു.ഡി.എഫ് പറയുന്നത്
കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു വിരുദ്ധമായ കാര്യമാണത്.
കേരളം ഏത് രീതിയില്‍ മാറണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്
മതനിരപേക്ഷതയ്ക്ക് ഊന്നല്‍ നല്‍കുന്നതും ജനോപകാരപ്രദമായ നടപടി സ്വീകരിക്കുന്നതുമായ സര്‍ക്കാര്‍ അധികാരത്തില്‍വരണം. അതോടൊപ്പം നാടിന്റെ വികസനം ഉറപ്പുവരുത്തണം. അഴിമതി കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് കേരളത്തില്‍. അഴിമതി മുക്തമായ വികസനത്തിലൂന്നിയ ഒരു കേരളമാണ് ഞങ്ങള്‍ കാണുന്നത്.
അടുത്ത തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ഏത് പാര്‍ട്ടിയുടെ നേതാവായിരിക്കും
ഇടതുപക്ഷജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണ്. അപ്പോള്‍ ആ കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകേണ്ടതില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി തന്നെയാകും ഗവണ്‍മെന്റ് രൂപീകരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here