ദില്ലി: വിദേശരാജ്യങ്ങള്‍ മാത്രം കണ്ട ശീലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയോട് അത്ര മതിപ്പില്ല എന്നു തോന്നുന്നു. കേന്ദ്രസര്‍ക്കാര്‍ പുററത്തിറക്കിയ കലണ്ടറില്‍ രാജ്യതലസ്ഥാനത്തിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് രൂപം മാറ്റി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതുവര്‍ഷ കലണ്ടറില്‍ ഫോട്ടോഷോപ്പിലൂടെ തട്ടിപ്പ് നടത്തിയതാണ് വീണ്ടും പരിഹാസത്തിന് ഇടയാക്കിയത്. വ്യത്യസ്ത സ്ഥലങ്ങളിലുള്ള ഫ്‌ളൈഓവറും വിദേശ നഗരത്തിന്റെ ചിത്രവും യോജിപ്പിച്ച് സ്മാര്‍ട്ട് സിറ്റി എന്ന പേരും നല്‍കിയാണ് ഫോട്ടോഷോപ്പ് ചിത്രം കലണ്ടറില്‍ നല്‍കിയത്.
ജനുവരി മാസത്തെ പേജില്‍ സ്മാര്‍ട്ട് സിറ്റിയാണ് പ്രമേയം. ന്യൂഡല്‍ഹി എയിംസിനു സമീപത്തെ ഫ്‌ളൈ ഓവറിന്റെയും റൗണ്ട് എബൗട്ടിന്റെയും ചിത്രത്തിനൊപ്പം ഒരു വിദേശനഗരത്തിന്റെ ചിത്രം കൂട്ടി യോജിപ്പിച്ചു. കണ്ടാല്‍ ഇന്ത്യയിലെ ഏതോ വന്‍നഗരമാണെന്ന് തോന്നിപ്പിക്കുന്ന ചിത്രം. എയിംസിന് സമീപത്ത് സമാനരീതിയിലുള്ള വന്‍കെട്ടിടങ്ങളുമില്ല.
കലണ്ടറിന്റെ കീഴ്ഭാഗത്തായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവുമുണ്ട്. എല്ലാവര്‍ക്കും ജീവിക്കാനാകുന്ന നാളെയുടെ സുസ്ഥിര നഗരങ്ങള്‍ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്ന പ്രധാനമന്ത്രിയുടെ സന്ദേശവുമുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളാണ് ഇത്തവണത്തെ കലണ്ടറിന്റെ പ്രമേയം.
ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിന്റെയോ അല്ലെങ്കില്‍ ഏതെങ്കിലും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ രൂപരേഖയോ നല്‍കിയാല്‍ പോരായിരുന്നോ എന്തിനാണ് ഫോട്ടോഷോപ്പ് എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. വിവര പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ്ങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ കലണ്ടര്‍ തയ്യാറാക്കിയത്.
പരിഹാസം എത്രതന്നെ കേട്ടാലും ഫോട്ടോഷോപ്പിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ് പുതിയ സംഭവ വികാസവും വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമെല്ലാം ഫോട്ടോപ്രിയരാണ്. ഇവരെ സന്തോഷിപ്പിക്കാന്‍ ഉദ്യോഗസ്ഥരും ഫോട്ടോഷോപ്പ് തട്ടിപ്പ് ഇടയ്ക്കിടെ ഉപയോഗിക്കുന്നു.
ചെന്നൈയിലെ പ്രളയബാധിത പ്രദശത്ത് പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തുന്നതിന്റെ ഫോട്ടോ ഷോപ്പ് ചിത്രം പുറത്തുവിട്ടത് ഏറെ പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയിലെ റോഡ് പുനരുദ്ധാരണം എന്ന പേരില്‍ ഉഗാണ്ടയിലെ എക്‌സ്പ്രസ് ഹൈവേയുടെ ചിത്രം ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഉപയോഗിച്ചതും പരിഹാസത്തിന് വഴിവെച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post