ബീഫ് കൈയില്‍വച്ചെന്നാരോപിച്ച് ദമ്പതികളെ ട്രെയിനില്‍ മര്‍ദിച്ച് ഇറക്കിവിട്ടു; രണ്ടു ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭോപാല്‍: ബീഫ് കൈവശം വച്ചെന്നാരോപിച്ചു ട്രെയിനില്‍നിന്ന് ദമ്പതികളെ മര്‍ദിച്ച ശേഷം ഇറക്കിവിട്ടു. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ ഖിര്‍ഖിയയിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ടു ഗോ രക്ഷാ സമിതി പ്രവര്‍ത്തകരായ ഹേമന്ദ് രജ്പുത്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍നിന്നു ഹാര്‍ദയിലേക്കു പോവുകയായിരുന്ന മുഹമ്മദ് ഹുസൈന്‍, ഭാര്യ നസീമ ബാനു എന്നിവരാണ് അക്രമത്തിനിരയായത്.

കുശിനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ ബീഫ് കടത്തുന്നെന്നു പറഞ്ഞു ഗോരക്ഷാ പ്രവര്‍ത്തകരായ സന്തോഷും ഹേമന്ദും പരിശോധന നടത്തുകയായിരുന്നു. ദമ്പതികളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നു മാംസാംഹാരം പിടിച്ചെടുക്കുകയും അതു ബീഫാണെന്നു സമര്‍ഥിക്കുകയായിരുന്നു. ഇരുവരെയും മര്‍ദിക്കുകയും ട്രെയിനില്‍നിന്ന് ഇറക്കിവിടുകയുമായിരുന്നു.

സംഭവത്തെത്തുടര്‍ന്നു പഌറ്റ്‌ഫോമില്‍ ഗോരക്ഷാസമിതി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ തര്‍ക്കവുമുണ്ടായി. ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വിട്ടയച്ചു. ട്രെയിനിലെ ജനറല്‍ കോച്ചില്‍ യാത്രചെയ്യുകയായിരുന്ന നസീമ ബാനുവിനെ വളഞ്ഞുവച്ചാണ് ലഗേജ് പരിശോധിച്ചത്.

തങ്ങള്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും തെറ്റും ശരിയും എന്താണെന്നു തിരിച്ചറിയാന്‍ തങ്ങള്‍ക്കു കഴിവുണ്ടെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ബീഫ് കഴിക്കാത്തവരാണ് തങ്ങളെന്നും മാട്ടിറച്ചി മാത്രമേ കഴിക്കൂവെന്നും കൈയിലുള്ളതു മാട്ടിറച്ചിയാണെന്നു പറഞ്ഞിട്ടും അക്രമികള്‍ കേട്ടില്ലെന്നും ബഹളം കേട്ടെത്തിയ പൊലീസ് കോണ്‍സ്റ്റബിളാണ് തങ്ങളുടെ ജീവന്‍ രക്ഷിച്ചതെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News