ജീവനില്ലാത്ത മൃതദേഹമായിട്ടല്ല; ജൈവീകമായൊരു ശവമായി തന്നെ; ക്ലീഷേകളില്‍ നിന്നും വിമോചിതനായി ഡോണ്‍ പാലത്രയുടെ ‘ശവം’

കലാമൂല്യമുള്ള സിനിമകളെ കാണികളിലേക്ക് എത്തിക്കാന്‍ വ്യവസ്ഥിതിയുടെ കാലഹരണപ്പെട്ട അടയാളങ്ങളോട് പൊരുതിയാണ് സിനിമാ വണ്ടി ജനങ്ങളിലേക്ക് എത്തിയത്. ‘ഒരാള്‍പൊക്ക’വുമായി എത്തി ചരിത്രത്തില്‍ ഒരു പുത്തന്‍ വിജയഗാഥ എഴുതിചേര്‍ത്ത, സിനിമാ വണ്ടിയില്‍ ഇത്തവണ വന്നത് ‘ശവം’ ആണ്. ജീവനില്ലാത്ത മൃതദേഹമായിട്ടല്ല. ഒത്തിരി ഒത്തിരി ജീവനുള്ള ചിന്തകളെ, നമ്മളിലേക്ക് ഇറക്കി വിട്ടു കൊണ്ട്, ജൈവീകമായൊരു ശവമായി തന്നെ.

ക്ലീഷേകളില്‍ നിന്നും പൂര്‍ണ വിമോചിതനാണ് ശവം. നിറപ്പകിട്ടുകള്‍ മാത്രമല്ല സിനിമയെന്നും ജീവിതമെന്നും ഓര്‍മ്മപ്പെടുത്തുന്നു ഡോണ്‍ പാലത്ര സംവിധാനം ചെയ്ത ‘ശവം’.

ഒരു മധ്യവര്‍ഗ്ഗ കത്തോലിക്കാ കുടുംബത്തിലെ ശവസംസ്‌കാരമാണ് ‘ശവ’ത്തിന്റെ കഥാതന്തു. മരണപ്പെട്ടവന്റെ ഭൗതികശരീരം അയാളുടെ വീട്ടിലേക്ക് എത്തിക്കുന്നതോട് കൂടിയാണ് കഥ തുടങ്ങുന്നത്. കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളായത് കൊണ്ട് തന്നെ, ഇത് ശരിക്കുമൊരു ശവമടക്ക് തന്നെയാണോ എന്ന് അത്ഭുതപ്പെട്ടാലും അതിലൊട്ടും അതിശയോക്തിയില്ല.

ബംഗാളി തൊഴിലാളികളെപ്പറ്റിയുള്ള പരാമര്‍ശം, പ്രവാസിയുടെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവത്തിലൂടെ പറയാതെ പറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കാണ് കൂടുതല്‍ മൂര്‍ച്ചയെന്ന് ഈ ചിത്രം വെളിവാക്കിത്തരുന്നു. അന്ത്യകൂദാശ നല്‍കുന്നതിനിടയിലും പള്ളി പണിയാനുള്ള സംഭാവനയ്ക്കായി ‘യാചിക്കുന്ന’ വികാരിയച്ചനും താന്‍ കടം കൊടുത്ത പണത്തെകുറിച്ച് വ്യംഗ്യമായി ഓര്‍മ്മപ്പെടുത്തി, മരണപ്പെട്ടവന്റെ മകനെ ‘സാന്ത്വനിപ്പിക്കുന്ന’ ‘അയല്‍വാസിയുടെ സ്‌നേഹവും’ മര്‍മ്മത്തില്‍ കൊള്ളുന്ന രൂക്ഷ പരിഹാസം തന്നെയാണ്.

നമ്മളിതു വരെ കണ്ടു ശീലിച്ച സിനിമകളില്‍ കണ്ടിട്ടുള്ള ഒരു മരണവീടല്ല ഇത്. നിത്യജീവിതത്തില്‍ ഏതൊരു മരണവീട്ടില്‍ ചെന്നാലും ഒളിഞ്ഞും തെളിഞ്ഞും കാണാനൊക്കുന്ന കാഴ്ചകള്‍ തന്നെയാണിത്. മിനിറ്റുകളോളം ദൈര്‍ഘ്യമുള്ള ഷോര്‍ട്ടുകളില്‍ കഥാപാത്രങ്ങളെയും അവരുടെ ചലനങ്ങളെയും ‘ചാലു’ കീറി സിനിമ ആവശ്യപ്പെടുന്ന കാര്യഗൗരവത്തിലേക്ക് എത്തിക്കുന്നതില്‍ ഡോണ്‍ പാലത്ര എന്ന സംവിധായകന്റെ മികവ് പ്രതിഫലിക്കുന്നുണ്ടെന്നു നിസംശയം പറയാം. ഒരു പുതുമുഖ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിലുമധികം പക്വത തന്റെ ചിത്രത്തിനെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങളെയും തെരഞ്ഞെടുക്കുന്നതില്‍ പോലും ഡോണ്‍ കാഴ്ച വച്ചിരിക്കുന്നു.

കഥയാവശ്യപ്പെടുന്ന പക്വതയോടെ തന്നെ പ്രതാപ് ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സന്ദീപ് കുരിശ്ശേരിയുടേയും ജിജി പി.ജോസഫിന്റെയും ശബ്ദലേഖനവും നരണിപ്പുഴ ഷാനവാസിന്റെ ചിത്രസംയോജനവും ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു. അറിഞ്ഞോ അറിയാതെയോ നമ്മളും ഇങ്ങനെയുള്ള കഥാസന്ദര്‍ഭങ്ങളുടെ ഭാഗമായിട്ടുണ്ടാകുമെന്നത് തീര്‍ച്ചയാണ്. തങ്ങളിലേക്ക് മാത്രം ചുരുങ്ങി ജീവിക്കുന്ന ‘സാമൂഹിക’ ജീവിയായ ഓരോ മനുഷ്യ’ശവത്തിന്റെയും’ ഗതിയെ ദീര്‍ഘവീക്ഷണത്തോടെ ചൂണ്ടി കാട്ടുകയാണ് ‘ശവം’.

കട്ടപ്പന കരുണാപുരം സ്വദേശിയാണ് ഡോണ്‍. സിഡ്‌നി ഇന്റര്‍നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് സംവിധാനം പഠിച്ചു. സമാന്തര സിനിമയെക്കുറിച്ച് ഡോക്യുമെന്ററി എടുത്തുകൊണ്ടാണ് തുടങ്ങിയത്. ‘ഒരാള്‍പ്പൊക്കം’ എന്ന സിനിമയുടെ സിനിമാവണ്ടി പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News