വരാക്കര കൂട്ട ആത്മഹത്യ: പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയ സഹപാഠി അറസ്റ്റില്‍; പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയത് പ്രണയം നിരസിച്ചതിലെ പ്രതികാരം

തൃശൂര്‍: തൃശൂര്‍ വരന്തരപ്പള്ളി വരാക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച യുവതിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തു (23) ആണ് അറസ്റ്റിലായത്. വരാക്കര പാലക്കുന്ന് ചുക്കിരികുന്ന് തൂപ്രത്ത് ബാബു (52), ഭാര്യ സവിത (48), മകള്‍ ശില്‍പ (22) എന്നിവരാണ് മരിച്ചത്. ശില്‍പയുടെ വിവാഹം മുടങ്ങിയതിലെ മനോവിഷമത്തെത്തുടര്‍ന്നായിരുന്നു ആത്മഹത്യ. സയനൈഡ് കഴിച്ച് അവശനിലയിലായ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫെബ്രുവരി 28നായിരുന്നു ശില്‍പയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവാവായിരുന്നു വരന്‍. ശില്‍പയുടെ സഹപാഠിയായ അനന്തു ചില ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും താനും ശില്‍പയുമായി പ്രണയത്തിലാണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നു പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിരുന്നു. അത്താണി സ്വദേശിയായ അനന്താണ് വിവാഹം മുടക്കിയതെന്നും വെറുതെവിടരുതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹപാഠികളായിരുന്നു ശില്‍പയും അനന്തും. നല്ല സൗഹൃദത്തിലായിരുന്ന ശില്‍പയോട് പലവട്ടം അനന്തു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ശില്‍പ നിരസിച്ചു. വിവാഹം ഉറപ്പിച്ചപ്പോള്‍ അതു മുടക്കുമെന്നും അനന്തു ഭീഷണിപ്പെടുത്തി. സൗഹൃദത്തിലായിരുന്ന കാലത്ത് എടുത്ത ചില ചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയും ശില്‍പയെക്കുറിച്ച് അനാവശ്യ കാര്യങ്ങള്‍ പറയുകയുമായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങി. അനന്തുവിനെ കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here