ലാവലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉപഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ല; തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്ന് സിബിഐ

കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചു. ഉടന്‍ വാദം കേള്‍ക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് അടുത്തമാസം മധ്യത്തിലേക്ക് മാറ്റി. ഫെബ്രുവരി മധ്യത്തോടെ കേസില്‍ വാദം കേള്‍ക്കുമെന്ന് അറിയിച്ച ഹൈക്കോടതി അവസാന വാരത്തോടെ ഹര്‍ജി തീര്‍പ്പാക്കുമെന്ന് അറിയിച്ചു. കേസില്‍ സര്‍ക്കാരിനെ തള്ളി സിബിഐ രംഗത്തെത്തി. തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു.

ഫെബ്രുവരിയില്‍ തിയതി തീരുമാനിച്ച ശേഷം വാദം കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചത്. വാദം കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി മാറ്റിയത്. അതേസമയം, ഹര്‍ജി നല്‍കിയതില്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഇത്തരം ഉപഹര്‍ജികള്‍ നല്‍കാന്‍ സര്‍ക്കാരിന് യാതൊരുവിധ അവകാശവും ഇല്ലെന്ന് പിണറായിയുടെ അഭിഭാഷകന്‍ വാദിച്ചു. തെരഞ്ഞെടുപ്പും പിണറായി വിജയനുമാണ് ഉപഹര്‍ജി നല്‍കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും തിടുക്കപ്പെട്ട് കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് സിബിഐ കോടതിയില്‍ നിലപാടെടുത്തു.

കേസില്‍ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ക്രൈം വാരികയുടെ പത്രാധിപര്‍ ടിപി നന്ദകുമാര്‍, കെ.എം ഷാജഹാന്‍ എന്നിവര്‍ നല്‍കിയ സ്വകാര്യ ഹര്‍ജികളാണ് തള്ളിയത്. ലാവ്‌ലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരുടെ ആവശ്യം തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2013ല്‍ അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. സിബിഐ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഉബൈദാണ് കേസ് പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News