അല്‍ ജസീറ ചാനല്‍ അമേരിക്കന്‍ എഡിഷന്‍ പൂട്ടുന്നു; വാര്‍ത്താ ചാനലിന് ഏപ്രിലില്‍ താഴുവീഴും

ന്യൂയോര്‍ക്ക്: രാജ്യാന്തര വാര്‍ത്താ ചാനലായ അല്‍ജസീറ അമേരിക്കന്‍ എഡിഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് സംപ്രേഷണം നിര്‍ത്താന്‍ കാരണം. ചാനല്‍ ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്‌വര്‍ക്കുകളിലൊന്നാണ് അല്‍ ജസീറ. ഖത്തര്‍ ഭരണാധിപ കുടുംബമായ താനി കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള സംരംഭമാണ് അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക്. ഇവരുടെ കീഴിലാണ് അല്‍ ജസീറ അമേരിക്ക. ക്രൂഡോയില്‍ വിലയിലെ തകര്‍ച്ചയാണ് ചാനല്‍ അടച്ചുപൂട്ടലിലേക്ക് വഴിതുറന്നത്.

അമേരിക്കന്‍ എഡിഷന്‍ സംപ്രേഷണം നിര്‍ത്തുന്നതോടെ 700 പേരുടെ ജോലി നഷ്ടപ്പെടും. 2013ലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ച കറന്റ് ടിവിയെ 50 കോടി ഡോളറിന് വാങ്ങിയാണ് അല്‍ ജസീറ അമേരിക്കയില്‍ സംപ്രേഷണമാരംഭിച്ചത്.

അല്‍ ജസീറ അമേരിക്കയുടെ സിഇഒ അല്‍ ആന്‍സ്റ്റേ ആണ്് അടച്ചുപൂട്ടല്‍ തീരുമാനം പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുന്നത് എല്ലാവരെയും നിരാശരാക്കുമെന്ന് തങ്ങള്‍ക്കറിയാമെന്ന് അല്‍ ആന്‍സ്റ്റേ പറഞ്ഞു. ‘കാണികളെല്ലാം മറ്റ് പ്‌ളാറ്റ്‌ഫോമിലേക്ക് പോവുകയാണ്. മൊബൈല്‍ ഫോണില്‍ പോലും വാര്‍ത്തയും അനുബന്ധ വിവരങ്ങളും ലഭ്യമാകുന്നുണ്ട്. യുഎസില്‍ ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം എവിടെനിന്നും എപ്പോഴും അത് യഥേഷ്ടം ലഭ്യമാകുന്നുമുണ്ടെന്നും സിഇഒ പറഞ്ഞു.

എണ്ണവിലത്തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി പറയുന്നത്. ചൊവ്വാഴ്ച എണ്ണവില ബാരലിന് മുപ്പത് ഡോളറില്‍ താഴെയത്തെി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണ് വില ഇത്രയും താഴുന്നത്. മാതൃകമ്പനിയായ അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്കിന്‍റെ ഓഹരി ഉടമകള്‍ എണ്ണ വ്യാപാരത്തിലും പങ്കാളികളാണ്. ഇതാണ് അല്‍ ജസീറയ്ക്ക് തിരിച്ചടിയാകാന്‍ കാരണം. അല്‍ജസീറ അമേരിക്ക സംപ്രേഷണം നിര്‍ത്തുമെങ്കിലും അല്‍ ജസീറ ഇംഗ്ലീഷ് ചാനലും വെബ്‌സൈറ്റും അമേരിക്കയിലും പ്രവര്‍ത്തനം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News