സുനന്ദ പുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നുതന്നെ; പൊളോണിയം പോലുള്ള ആണവ വസ്തുക്കളുടെ സാന്നിധ്യമില്ല; തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

ദില്ലി: സുനന്ദ പുഷ്‌കര്‍ മരിച്ചതു വിഷം ഉള്ളില്‍ ചെന്നുതന്നെയെന്നു ദില്ലി പൊലീസ് മേധാവി ബി എസ് ബസി. എന്നാല്‍, ആണവ ശേഷിയുള്ള പദാര്‍ഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് കമ്മീഷണറുടെ സ്ഥിരീകരണം. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും.

ഇതുവരെയുള്ള തെളിവുകള്‍ മരണം അസ്വാഭാവികമാണെന്നുതന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍. തരൂരിനെതിരേ ശക്തമായ തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ടെന്നും അറസ്റ്റിനുള്ള സാധ്യതയേറെയാണെന്നു ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ദില്ലി പൊലീസ് കമ്മീഷണര്‍ ബി എസ് ബസിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഓഫീസര്‍മാര്‍ യോഗം ചേര്‍ന്നു. നേരത്തേ, ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സുനന്ദയുടെ ശരീരത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ഥമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂരിന് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ ശശി തരൂരുമായി തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് സുനന്ദയെ മരിച്ചനിലയില്‍ കാണപ്പെടുകയുമായിരുന്നു. ഇതുവരെ ശശി തരൂരിനെ നാലുവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. 2014 ജനുവരി 17നാണ് തെക്കന്‍ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അമ്പത്തിരണ്ടുകാരിയായ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News