രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ബ്രിസ്‌ബേനില്‍ തോറ്റത് 7 വിക്കറ്റുകള്‍ക്ക്; പരമ്പരയില്‍ ഓസീസ് മുന്നില്‍

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. 7 വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പിച്ചത്. 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഫിഞ്ചിന്റെയും ഷോണ്‍ മാര്‍ഷിന്റെയും ബെയ്‌ലിയുടെയും അര്‍ധസെഞ്ച്വറി പ്രകടനമാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. നായകന്‍ സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയോടടുത്ത പ്രകടനവും ഓസീസിനെ തുണച്ചു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കോഹ്‌ലിയുടെയും രഹാനെയുടെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ 308 റണ്‍സ് ആണ് അടിച്ചു കൂട്ടിയത്.  ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി.

പതിഞ്ഞു തുടങ്ങിയ ഓസ്‌ട്രേലിയയെ ഓപ്പണര്‍മാരായ ഷോണ്‍ മാര്‍ഷും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ശ്രദ്ധയോടെ മുന്നോട്ടു നയിച്ചു. കരുതലോടെ മാത്രം കളിച്ച ഇരുവരും അര്‍ധസെഞ്ച്വറി തികച്ച ശേഷമാണ് പുറത്തായത്. ഫിഞ്ച് 81 പന്തു നേരിട്ടും മാര്‍ഷ് 84 പന്തു നേരിട്ടും 71 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന നായകന്‍ സ്മിത്ത് കാര്യങ്ങള്‍ അതിവേഗത്തിലാക്കി. കൂടെ ജോര്‍ജ് ബെയ്‌ലി കൂടെ എത്തിയതോടെ കങ്കാരുക്കള്‍ക്ക് ഇരട്ടി കരുത്തായി. 47 പന്തില്‍ 46 റണ്‍സെടുത്ത സ്മിത്തിനെ ഉമേഷ് യാദവാണ് പുറത്തായത്. അപ്പോഴേക്കും കളി ജോര്‍ജ് ബെയ്‌ലിയുടെ കൈകളിലെത്തിയിരുന്നു. ബെയ്‌ലി 58 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ 308 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യക്കു മോശം തുടക്കമായിരുന്നെങ്കിലും രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ടാണ് നില മെച്ചപ്പെടുത്തിയത്. രോഹിത് ശര്‍മ 124 റണ്‍സും അജിങ്ക്യ രഹാനെ 89ഉം വിരാട് കോഹ്ലി 59 ഉം റണ്‍സെടുത്തു.

സ്‌കോര്‍ ആറിലെത്തിയപ്പോള്‍ ആറു റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മടങ്ങി. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മയും ശിഖറിനു പകരം വന്ന കോഹ്ലിയും തകര്‍ത്തടിക്കുകയായിരുന്നു. 125 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ജോയല്‍ പാരിസാണ് ശിഖര്‍ ധവാനെ വീഴ്ത്തിയത്. കോഹ്ലി റണ്‍ ഔട്ടായി. എട്ടു ഫോറും മൂന്നു സിക്‌സറും അടക്കമാണ് രോഹിത് സെഞ്ചുറി നേടിയത്. ധോണി ആറും ജഡേജ അഞ്ചു റണ്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News