മതനിരപേക്ഷ കേരളം ലക്ഷ്യമിട്ട് പിണറായിയുടെ നവകേരള മാര്‍ച്ചിന് ആവേശോജ്ജ്വല തുടക്കം; പ്രകാശ് കാരാട്ട് പതാക കൈമാറി; യുഡിഎഫില്‍ അടിമുടി അഴിമതിയെന്ന് കാരാട്ട്

കാസര്‍ഗോഡ്: മതനിരപേക്ഷ-അഴിമതി വിമുക്ത-വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ആവേശോജ്വല തുടക്കം. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പതാക പിണറായി വിജയന് കൈമാറിക്കൊണ്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇത്രയും അഴിമതി നിറഞ്ഞ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല.

കേരള രക്ഷായാത്ര എന്ന പേരില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നയിക്കുന്ന യാത്ര യഥാര്‍ത്ഥത്തില്‍ അഴിമതിക്കാരെ രക്ഷിക്കാനുള്ള യാത്രയാണ്. കേന്ദ്രഭരണത്തിന്റെ തണലില്‍ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെ എന്തുവില കൊടുത്തും സിപിഐഎം അതിനെ ചെറുക്കും. പത്തു വര്‍ഷത്തെ യുപിഎയുടെ അഴിമതി ഭരണമാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ബിജെപിക്ക് ഭരിക്കാന്‍ അവസരം ഒരുക്കിയത്. വര്‍ഗിയതയോട് എന്നും മൃദുസമീപനം സ്വീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും കാരാട്ട് പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് ബിജെപി സര്‍ക്കാരും തുടരുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍ ഇതിനുദാരഹണമാണ്. മോദി ഭരണത്തില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ച 3.5 ശതമാനത്തിനും താഴെ പോയി. ഭീകരതയെ ചെറുക്കുമെന്നു പറഞ്ഞിട്ട് പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടന്നു.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചുവര്‍ഷം കൊണ്ട് അതെല്ലാം നഷ്ടത്തിലാക്കി. കേരളത്തിന് വീണ്ടും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണം. അതിനായി വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണം. കേരളത്തിന്റെ ജനത മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ യുഡിഎഫ് ഇറക്കിയ പൂഴിക്കടകന്‍ ആണ് ലാവ്‌ലിന്‍ കേസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നവകേരള യാത്രയില്‍ ലാവ്‌ലിന്‍ വിഷയം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ എല്ലാം ജനങ്ങള്‍ക്കു വിട്ടുകൊടുക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. അതിനെതിരായ ചെറുത്തുനില്‍പുകളാണ് ഓരോ ദിവസവും ഉയര്‍ന്നുവരുന്നത്. ദേശീയതലത്തില്‍ തന്നെ ഒരു മാറ്റം വരുന്നുണ്ട്. അതിന്റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. കേരളത്തിന്റെ മതമൈത്രി തകര്‍ക്കാന്‍ കുമ്മനം രാജശേഖരന്‍ അല്ല ആരു ശ്രമിച്ചാലും നടക്കില്ലെന്നും വിഎസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News