കേരളത്തിന് ആവശ്യം സുതാര്യ ഭരണം; എല്ലാ ജനങ്ങള്‍ക്കും അനുഭവിക്കാനാകണം; മാറ്റം അനിവാര്യമെന്നും പിണറായി വിജയന്‍

കാസര്‍ഗോഡ്: കേരളത്തില്‍ എല്ലാ ജനങ്ങള്‍ക്കും അനുഭവവേദ്യമായ ഭരണമാണ് വരേണ്ടതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സുതാര്യമായ ഭരണമാണ് കേരളത്തില്‍ ഉണ്ടാകേണ്ടത്. ഭരണത്തിന്റെ ആനുകൂല്യം എല്ലാവര്‍ക്കും അനുഭവിക്കാനാകണം. ആനുകൂല്യം ശരിയായ രീതിയില്‍ എല്ലാവര്‍ക്കും ലഭിക്കണം. നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയില്ലാത്തതായി മാറി യുഡിഎഫ് ഭരണം. കേരളത്തിന്റെ ഈ അവസ്ഥയ്ക്ക് മാറ്റം വരണം. അല്ലെങ്കില്‍ ആര്‍ക്കും രക്ഷിക്കാന്‍ പറ്റാത്തവിധം കേരളം തകര്‍ന്നു പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അഞ്ചു വര്‍ഷത്തെ ഭരണം പിന്നിടുമ്പോള്‍ എടുത്തു കാണിക്കാന്‍ ഒരു വികസന പദ്ധതി യുഡിഎഫിനില്ല. അഭ്യസ്ത വിദ്യരായ തൊഴില്‍രഹിതരായ യുവാക്കള്‍ നമ്മുടെ നാട്ടില്‍ ധാരാളം ഉണ്ട്. ഇവിടെ ജോലി ലഭിക്കാത്തതു കൊണ്ട് ചെറുപ്പക്കാര്‍ക്ക് പുറംനാടുകളില്‍ പോകേണ്ടി വരുന്നു. എന്തുകൊണ്ട് ഇവിടെ ജോലി ലഭിക്കുന്നില്ല എന്നു നമ്മള്‍ ചിന്തിക്കണം. കാലാനുസൃതമായ പുരോഗതി നേടാന്‍ ഇതുവരെ കേരളത്തിനായിട്ടില്ല. വികസന കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന ഒരു സ്ഥലത്തു നിന്നാണ് ജാഥ ആരംഭിക്കുന്നത്. കാസര്‍ഗോഡ് അനുഭവിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പ്രത്യേകം പ്രത്യേകം പ്രശ്‌നങ്ങളാണ് കാസര്‍ഗോഡിന്റേത്. മിക്ക ജില്ലകളും ഈ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അസൂയ ഉളവാക്കിയ സംസ്ഥാനമാണ് കേരളം. എന്നാല്‍, ചില മേഖലയില്‍ ആ പുരോഗതി നേടാനായിട്ടില്ല. സംസ്ഥാനത്തിന്റെ ആരോഗ്യ വിദ്യാഭ്യാസരംഗത്തെ നേട്ടം ശ്രദ്ധേയമാണ്. ഇപ്പോള്‍ ഈ രംഗങ്ങളില്‍ കേരളം വലിയ രീതിയില്‍ പുറകോട്ടു പോയി. ഇത് പരിഹരിക്കാന്‍ സാധിക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News