ദില്ലി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘത്തില്‍ ചേര്‍ക്കുന്നതിനായി റോഹിംഗ്യ മുസ്ലിംകളെ സൗദി അറേബ്യയിലേക്ക് കടത്താന്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. അഞ്ഞൂറോളം റോഹിന്‍ഗ്യ മുസ്ലിംകളെ ഇത്തരത്തില്‍ കടത്തിയതായാണ് ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘത്തെ ബംഗ്ലാദേശിലെത്തിച്ച ശേഷം അവിടെ നിന്നാണ് സൗദിയിലേക്ക് കടത്തിയത്.
ദില്ലി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മനുഷ്യക്കടത്തു സംഘങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഔദ്യോഗിക സ്ഥികരണങ്ങളൊന്നുമുണ്ടായിട്ടില്ല.
മ്യാന്‍മാറില്‍ പൗരത്വം നിഷേധിക്കപ്പെട്ട അവസ്ഥയില്‍ 11 ലക്ഷം റോഹിന്‍ഗ്യ മുസ്ലീംകളാണുള്ളത്. സര്‍ക്കാരിന്റെയും ബുദ്ധതീവ്രവാദികളുടെയും പീഡനം സഹിക്കാനാവാതെ ആയിരക്കണക്കിനാളുകളാണ് രാജ്യം വിടുന്നത്. ലോകത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന വംശീയ വിഭാഗമെന്നാണ് ഐക്യരാഷ്ട്രസഭ ഇവരെ വിശേഷിപ്പിക്കുന്നത്. ഇവര്‍ തങ്ങളുടെ പൗരന്‍മാരല്ലെന്നും ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്നുമാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ പറയുന്നത്.
25,000ത്തിലധികം റോഹിന്‍ഗ്യകള്‍ മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് മനുഷ്യക്കടത്തുകാര്‍ക്കൊപ്പം പുറപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതില്‍ 10,000ത്തോളം പേര്‍ അയല്‍ രാജ്യങ്ങളിലെ തീരമണിഞ്ഞെങ്കിലും ബാക്കിയുള്ളവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post