മീററ്റ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനെ ഗോവധക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെയാണ് മീററ്റ് പൊലിസ് അറസ്റ്റ്‌ചെയ്തത്. തങ്ങളുടെ കുടുംബത്തെ ഗോവധമെന്ന പേരില്‍ കേസില്‍ കുടുക്കി മനഃപൂര്‍വം ലക്ഷ്യമിടുകയാണെന്നു ഹസീബ് ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ അമ്‌റോഹയില്‍ കഴിഞ്ഞദിവസം ഗോവധമാരോപിച്ച് അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ബലമായി ശ്രമിച്ചെന്നാരോപിച്ചാണ് മുഹമ്മദ് ഹസീബിനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഗോവധം നടത്തിയെന്നാരോപിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ സ്ഥലത്തു സംഘര്‍ഷമുണ്ടായിരുന്നു. ഇവിടെവച്ചാണ് ഹസീബിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍, പിടിയിലായവരെ മോചിപ്പിക്കാന്‍ ഹസീബ് ശ്രമിച്ചിട്ടില്ലെന്നു കാട്ടിയാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. അവിടെ തടിച്ചുകൂടിയവരില്‍ ഒരാള്‍ മാത്രമായിരുന്നു ഹസീബെന്നും അവരില്‍നിന്നു ഹസീബിനെ തെരഞ്ഞെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പിതാവ് തൗസീഫ് അഹമ്മദ് പറഞ്ഞു. ഷമി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയതു മുതല്‍ നാട്ടില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടായിരുന്നെന്നും അന്നു മുതല്‍ തങ്ങളെ കരിവാരിത്തേക്കാന്‍ നടക്കുന്ന ശ്രമങ്ങളിലെ അവസാനത്തെ സംഭവമാണ് ഇതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം.
ചൊവ്വാഴ്ച വൈകിട്ടാണ് ഗോവധം ആരോപിച്ച് പോലീസ് സ്ഥലത്തെത്തിയത്. സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരില്‍ ചിലരുടെ യൂണിഫോം കീറിയിരുന്നു. റിസ്വാന്‍ അഹമ്മദ് എന്നയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് എത്തിയത്. സംഘര്‍ഷത്തിനിടെ റിസ്വാന്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. റിസ്വാനെ കിട്ടാതെ വിഷമത്തിലായ പൊലീസ് ഹസീബിനെ അറസ്റ്റ് ചെയ്തു പോവുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post