മാണിയെ ‘രക്ഷിച്ച’ സുകേശന് സര്‍ക്കാരിന്റെ ഉപകാരസ്മരണ; ഭാര്യക്ക് സ്ഥാനക്കയറ്റം; തൊട്ടുപിന്നാലെ ചട്ടം ലംഘിച്ച് സ്വന്തം നാട്ടിലേക്ക് മാറ്റവും; ചുക്കാന്‍പിടിച്ചത് കെ സി ജോസഫ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ ആദ്യം പ്രതിയാക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത എസ്പി ആര്‍ സുകേശന് സര്‍ക്കാരിന്റെ ഉപകാരസ്മരണ. സുകേശന്റെ ഭാര്യ എസ് സുമത്തിനെ ഒന്നാം ഗ്രേഡ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയില്‍നിന്നു വനിതാ ക്ഷേമം എക്സ്റ്റന്‍ഷന്‍ ഓഫീസറായാണ് സ്ഥാനക്കയറ്റം നല്‍കിയത്. തൊട്ടുപിന്നാലെ അരുവിക്കര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സുമത്തെ സ്‌പെഷല്‍ ഓര്‍ഡറിലൂടെ സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റുകയും ചെയ്തു. രണ്ട് ഉത്തരവുകളടെയും പകര്‍പ്പുകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു.

2015 മാര്‍ച്ച് ആറിനുള്ള ഉത്തരവു പ്രകാരമാണ് കഴക്കൂട്ടം ബിഡിഒക്കു കീഴില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന സുമത്തെ ഓച്ചിറയില്‍ വനിതാ ക്ഷേമം എക്‌സ്റ്റന്‍ഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം നല്‍കിയത്. തുടര്‍ന്ന് 2015 ജൂണ്‍ ഒന്നിനാണ് അരുവിക്കര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരുന്ന പോത്തന്‍കോട്ടേക്കു സുമത്തെ സ്ഥലം മാറ്റിയത്. സുമത്തിന്റെ വീടിനടത്തുള്ള സ്ഥലമാണ് പോത്തന്‍കോട്. പോത്തന്‍കോട് വനിതാക്ഷേമ എക്‌സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന എം കെ നാദിറയെ വെള്ളനാട്ട് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറാക്കി മാറ്റിയാണ് അസാധാരണ ഉത്തരവിലൂടെ സുമത്തെ പോത്തന്‍കോട്ടേക്കു മാറ്റിയത്.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രത്യേകാനുമതി നേടിയാണ് സുമത്തെ മാറ്റിയത്. ഈ സാഹചര്യത്തിലാണ് സുമത്തെ ചട്ടം ലംഘിച്ച് അനര്‍ഹമായ സ്ഥലം മാറ്റം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ സി ജോസഫിന്റെ പ്രത്യേക താല്‍പര്യമാണ് സുമത്തിന്റെ സ്ഥലം മാറ്റത്തിനു പിന്നിലുള്ളതെന്നാണ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഗ്രാമവികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് കെ സി ജോസഫ്. ജോസഫ് പ്രത്യേക താല്‍പര്യമെടുത്താണ് സുമത്തെ മാറ്റിയതെന്നാണ് വ്യക്തമാകുന്നത്.


15 16 17 18

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here