നാലു എകെ 47 തോക്കുകളുമായി കശ്മീരില്‍ നിന്ന് പൊലീസുകാരനെ കാണാതായി; ഭീകരര്‍ക്കൊപ്പം ചേര്‍ന്നെന്ന് സംശയം; തെരച്ചില്‍ ഊര്‍ജിതം

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ പൊലീസില്‍ ഗാര്‍ഡായി ജോലി ചെയ്യുന്ന പൊലീസുകാരനെ നാലു എകെ 47 തോക്കുകളുമായി കാണാതായി. ഇയാള്‍ക്കൊപ്പം ഇയാളുടെ രണ്ടു സുഹൃത്തുക്കളെയും കാണാതായിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ ഷക്കൂര്‍ അഹമ്മദിനെയാണ് രണ്ടു ദിവസം മുമ്പ് കാണാതായത്. ഷക്കൂറിനൊപ്പം ഗാസി ഫയാസ് ദര്‍, അഖിബ് അഹമ്മദ് ദര്‍ എന്നീ രണ്ടു സുഹൃത്തുക്കളെയും കാണാതായിട്ടുണ്ട്. ഇവരുടെ കൈവശം നാല് എകെ 47 തോക്കുകളും ഉണ്ടെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. ഷക്കൂറും കൂട്ടാളികളും ഭീകരസംഘടനയില്‍ ചേര്‍ന്നതായാണ് വിവരം. തെക്കന്‍ കശ്മീരില്‍ നിന്നാണ് ഇയാളെ കാണാതായിരിക്കുന്നത്.

ഷക്കൂറിനെ അടുത്തിടെയാണ് ഡിവൈഎസ്പി ഇര്‍ഷാദ് അഹമ്മദിന്റെ ഗാര്‍ഡായി നിയമിച്ചത്. വെജ്ബൂവറില്‍ സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അടുത്തിടെ ഷക്കൂറിനു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കശ്മീരിലെ ഷുപിയാന്‍ ജില്ലയിലെ കുന്ദാളന്‍ ഗ്രാമത്തിലുള്ളവരാണ് ഷക്കൂറും കൂട്ടുകാരും. കൂട്ടുകാര്‍ ഷക്കൂറിന്റെ ബാല്യകാല സുഹൃത്തുക്കളാണെന്നാണ് വിവരം. ഇയാളുടെ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

ഷക്കൂര്‍ നേരത്തെ തന്നെ ഒരു വിമത സംഘടനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതായി ഷക്കൂറിന്റെ ബന്ധു അറിയിച്ചു. പിന്നീടാണ് പൊലീസില്‍ ചേര്‍ന്നത്. ഇത് രണ്ടാം തവണയാണ് പൊലീസുകാരനെ ആയുധങ്ങള്‍ സഹിതം കാണാതാകുന്നത്. നേരത്തെ ഒരു മുന്‍ പിഡിപി മന്ത്രിയുടെ ഗാര്‍ഡായി നിയമിച്ചിരുന്ന പൊലീസുകാരനെ ഇത്തരത്തില്‍ കാണാതായിരുന്നു. ഇയാള്‍ പിന്നീട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ സംഘടനയില്‍ ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel