തെക്കനേഷ്യന്‍ സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍ വംശജയായ അനുരാധ റോയിയുടെ സ്ലീപിംഗ് ഓണ്‍ ജൂപിറ്റര്‍ക്ക്

ഗാള്‍(ശ്രീലങ്ക): തെക്കനേഷ്യന്‍ സാഹിത്യത്തിലെ പ്രമുഖ പുരസ്‌കാരമായ ഡിഎസ്‌സി പ്രൈസ് ഇത്തവണ ഇന്ത്യക്കാരിയായ അനുരാധ റോയ്ക്ക്. അനുരാധ റോയിയുടെ സ്ലീപിംഗ് ഓണ്‍ ജൂപിറ്റര്‍ എന്ന നോവലിനാണ് പുരസ്‌കാരം. 50,000 യുഎസ് ഡോളറും (ഏകദേശം 33.4 ലക്ഷം രൂപ) പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ശ്രീലങ്കയില്‍ നടക്കുന്ന ഗാള്‍ സാഹിത്യോത്സവത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സ്ലീപിംഗ് ഓണ്‍ ജൂപിറ്ററിലെ എഴുത്തിന്റെ ചാരുതയും പ്രത്യേക ജന്‍മവാസനയും വായനാ സഹൃദയദതയുമാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ജൂറി വ്യക്തമാക്കി.

2011ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. തെക്കനേഷ്യന്‍ വംശജരായ എഴുത്തുകാരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍ മീരയുടെ ഹാംഗ് വുമണ്‍ അടക്കം ആറു പേരുടെ കൃതികള്‍ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. ഫാമിലി ലൈഫ് (അഖില്‍ ശര്‍മ), സ്ലീപ്പിംഗ് ജൂപ്പിറ്റര്‍ (അനുരാധാ റോയ്), ദ ബുക്ക് ഓഫ് ഗോള്‍ഡ് ലീവ്‌സ് (മിര്‍സ വഹീദ്), ദ ലൈവ്‌സ് ഓഫ് അദേഴ്‌സ് (നീല്‍ മുഖര്‍ജി), ഷീ വില്‍ ബില്‍ഡ് ഹിം എ സിറ്റി (രാജ് കമല്‍ ഝാ) എന്നീ പുസ്തകങ്ങളായിരുന്നു ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

നേവലിസ്റ്റും മാധ്യമപ്രവര്‍ത്തകയും എഡിറ്ററുമാണ് അനുരാധ. കൊല്‍ക്കത്തയാണ് സ്വദേശം. അനുരാധയുടെ ആദ്യ നോവലായ ആന്‍ അറ്റ്‌ലസ് ഓഫ് ഇംപോസിബിള്‍ ലോംഗിംഗ് 15-ഓളം ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ നോവലായ ദ ഫോള്‍ഡന്‍ എര്‍ത്ത് എകണോമിസ്റ്റ് ക്രോസ്‌വേഡ് പ്രൈസ് നേടുകയും മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here