അമേരിക്കയിലെ ഒരു സ്‌കൂള്‍ ഡിസ്ട്രിക്ട് അതിനു കീഴിലെ സ്‌കൂളുകളിലെ അവധി കലണ്ടറില്‍ ഇന്ത്യന്‍ അവധി ദിനങ്ങളായ ബലിപെരുന്നാളും ദീപാവലിയും ചൈനീസ് ലൂണാര്‍ പുതുവത്സരവും ഉള്‍പ്പെടുത്തി. ഈ സ്‌കൂള്‍ സിസ്റ്റത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവധി കലണ്ടറില്‍ ബലിപെരുന്നാളും ദീപാവലിയും ഉള്‍പ്പെടുത്തുന്നത്. ഹൊവാര്‍ഡ് കണ്‍ട്രി പബ്ലിക് സ്‌കൂള്‍ സിസ്റ്റം ആണ് അവധി കലണ്ടറില്‍ ദീപാവലിയും പെരുന്നാളും ഉള്‍പ്പെടുത്തിയത്. ചരിത്രപരം എന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ അമേരിക്കന്‍ സ്‌കൂള്‍ കമ്യൂണിറ്റിയാണ് തീരുമാനം എടുത്തത്. ഹൊവാര്‍ഡ് പബ്ലിക് സ്‌കൂള്‍ സിസ്റ്റത്തില്‍ 71 സ്‌കൂളുകളാണുള്ളത്. ഏതാണ്ട് 50,000 വിദ്യാര്‍ത്ഥികള്‍ ഇവിടങ്ങളില്‍ പഠിക്കുന്നുണ്ട്. അവധി ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനം ഏറെ സന്തോഷം ഉണ്ടാക്കിയെന്ന് എജ്യുക്കേഷന്‍ ബോര്‍ഡ് ചെയര്‍വുമണ്‍ ക്രിസ്റ്റിന്‍ ഒ കോണര്‍ പറഞ്ഞു. ഹൊവാര്‍ഡ് കണ്‍ട്രിയിലെ വിദ്യാര്‍ത്ഥികളുടെ പശ്ചാത്തലവും വൈവിധ്യവും മനസ്സിലാക്കിയുള്ള തീരുമാനമാണെന്നും ക്രിസ്റ്റിന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കമ്യൂണിറ്റിക്കകത്തു തന്നെ എല്ലാ സംസ്‌കാരങ്ങളും അനുഭവിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ക്രിസ്റ്റിന്‍ പറഞ്ഞു. ബോര്‍ഡ് അംഗം ജാനറ്റ് സിദ്ദിഖിയാണ് അവധി ഉള്‍പ്പെടുത്തുന്ന കാര്യം നിര്‍ദേശിച്ചത്. മതപരമായ ആഘോഷങ്ങള്‍ അവധി ദിനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഹൊവാര്‍ഡ് കണ്‍ട്രി ഒരു നമാതൃകയാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ മുരളി ബാലാജി പറഞ്ഞു. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും ചിന്‍മയ മിഷനും 250 പേര്‍ ഒപ്പിട്ട നിവേദനം എജ്യുക്കേഷന്‍ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. രക്ഷിതാക്കളില്‍ നിന്ന് 500-ല്‍ അധികം ഇമെയിലുകളും ലഭിച്ചിരുന്നു. ഇവയും ദീപാവലിയും പെരുന്നാളും അവധിയായി ഉള്‍പ്പെടുത്താന്‍ കാരണമായി.