ഹവായില്‍ ജനിച്ച കുട്ടിക്കു സിക വൈറസ്; അമേരിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം; തലച്ചോര്‍ ചുരുങ്ങുന്ന രോഗത്തിനെതിരേ ലോകത്താകെ പ്രതിരോധം

ഒവാഹു(ഹവായ്): തലച്ചോര്‍ ചുരുങ്ങുന്നതുമൂലമുള്ള മാരകരോഗം ബാധിച്ച് ബ്രസീലില്‍ 2500 നവജാത ശിശുക്കള്‍ മരിച്ചതിനു പിന്നാലെ അമേരിക്കയില്‍ ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഹവായിയിലെ ഒഹാവുവില്‍ ജനിച്ച കുട്ടിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എബോളയ്ക്കും പന്നിപ്പനിക്കും ശേഷം ഭീതി വിതയ്ക്കുന്ന സികയ്‌ക്കെതിരേ ലോകത്താകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

കൊതുകിലൂടെയാണ് രോഗം പകരുന്നത്. ബ്രസീലില്‍ 2015-ല്‍ കഴിഞ്ഞ സ്ത്രീക്കു ജനിച്ച കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്തായിരിക്കാം അമ്മയ്ക്കും കുഞ്ഞിനും വൈറസ്ബാധയുണ്ടായതെന്നു ഹവായി സ്‌റ്റേറ്റ് ആരോഗ്യ വകുപ്പും യുഎസ് രോഗ പ്രതിരോധ കേന്ദ്രവും വ്യക്തമാക്കി. ഹവായിയില്‍ രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടില്ലെന്നും രോഗപ്രതിരോധ വകുപ്പ് വ്യക്തമാക്കി.

ഗര്‍ഭകാലത്തു സ്ത്രീകളെ കടിക്കുന്ന കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. കഴിഞ്ഞദിവസം സിക രോഗത്തിന്റെ പശ്ചാത്തലത്തില്‍ പതിനാലു രാജ്യങ്ങളിലേക്കു പോകുന്ന അമേരിക്കക്കാര്‍ക്കു യാത്രാ മുന്നറിയിപ്പു നല്‍കിയിരുന്നു. കരീബിയന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രികര്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പു നല്‍കിയിരുന്നത്. ബ്രസീല്‍, കൊളംബിയ, എല്‍ സാല്‍വദോര്‍, ഫ്രഞ്ച് ഗയാന, ഗ്വാട്ടിമാല, ഹോണ്ടുറാന്‍, മാര്‍ട്ടിനിഖ്, മെക്‌സിക്കോ, പനാമ, പരാഗ്വായ്, സുരിനേം, വെനസ്വേല, പ്യൂട്ടോറിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു.

ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പകരാന്‍ കാരണമായ ഈഡിസ് വിഭാഗത്തില്‍പെടുന്ന കൊതുകുകളാണ് സിക വൈറസിനും കാരണക്കാരന്‍. ടെക്‌സസ്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ഈ വിഭാഗത്തില്‍വരുന്ന കൊതുകുകള്‍ സര്‍വസാധാരണമാണ്. കൊതുകിലൂടെ വൈറസ് പകര്‍ന്നു കഴിഞ്ഞാല്‍ പനിയും വിറയലും സന്ധിവേദനയും അനുഭവപ്പെടും. സാധാരണ നിലയിലുള്ള അസ്വസ്ഥതകളായതിനാല്‍ പലരും ഇതു ഗൗനിക്കാറില്ല. രോഗബാധിതരായ സ്ത്രീകള്‍ക്കു ചെറിയ തലയോടു കൂടിയ കുട്ടികളാണ് ജനിക്കുക. ഇത്തരത്തില്‍ ജനിച്ച 2500 കുട്ടികള്‍ മരിച്ചതോടെയാണ് സിക വൈറസ് ലോകശ്രദ്ധയിലേക്കു വന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News