പുലിമുരുകന് പിന്നാലെ ബാഹുബലിയും വിവാദത്തില്‍; പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ചിത്രീകരണത്തിനെതിരെ പ്രദേശവാസികള്‍; വനംവകുപ്പ് നയംമാറ്റിയില്ലെങ്കില്‍ ചിത്രീകരണം തടയും

തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ബാഹുബലി രണ്ടാംഭാഗചിത്രീകരണത്തിനെതിരെ പ്രദേശവാസികള്‍. ആദിവാസി മേഖലകളുടെ വികസനത്തിന് പരിസ്ഥിതിസ്‌നേഹം പറഞ്ഞ് തടസം നില്‍ക്കുന്ന വനംവകുപ്പ്, സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കുന്നതിനെതിരെയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത്. കണ്ണൂര്‍ ചെക്കേരി, പെരുവ, കൊളപ്പ മേഖലകളിലെ ആദിവാസികളാണ് വനംവകുപ്പിന്റെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് ആദിവാസികളുടെ അവകാശങ്ങളിലേക്ക് കൈക്കടത്തുന്ന വനവകുപ്പ് നയങ്ങള്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് ഇവര്‍ പറയുന്നു. മേഖലയില്‍ മുടങ്ങിക്കിടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ആദിവാസികള്‍ ആവശ്യപ്പെടുന്നു. ചിത്രീകരണം കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും സിനിമാ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ പുരാതന ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കണ്ണവം വനത്തിനുള്ളില്‍ പുരോഗമിക്കുകയാണ്. കലാസംവിധാകന്‍ സാബു സിറിലിന്റെ നേതൃത്വത്തിലാണ് കണ്ണവം ചങ്ങലഗേറ്റിന് സമീപത്തെ ഉള്‍ക്കാട്ടില്‍ സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

നേരത്തെ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്റെ ചിത്രീകരണത്തിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. ചിത്രീകരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ വനത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്നതാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. വനത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ദോഷം വരുത്തുന്ന തരത്തിലുള്ളവ ഉപയോഗിച്ചുള്ള ചിത്രീകരണം തടയണമെന്ന് ഹൈക്കോടതി മലയാറ്റൂര്‍ ഡിഎഫ്ഒക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. പൂയംകൂട്ടി വനത്തില്‍ നടക്കുന്ന ചിത്രീകരണത്തിന് റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് സെറ്റുകളൊരുക്കിയിട്ടുണ്ടെന്നും ക്ലൈമാക്‌സ് രംഗത്തിനായി സ്‌ഫോടനവും തീയിടലും നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദ്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here